18/04/2026
വിഷാദരോഗം അഥവാ ഡിപ്രഷൻ വെറുമൊരു തോന്നലോ മിഥ്യയോ അല്ല, അതൊരു തികഞ്ഞ യാഥാർഥ്യമാണ്. മനുഷ്യന്റെ മനസ്സ് എന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ്. അവിടെ സംഭവിക്കുന്ന ഏത് താളപ്പിഴയും നമ്മെ പെരുമാറ്റ വൈകല്യങ്ങളിലേക്കും വിഷാദത്തിലേക്കും നയിക്കാം. തലച്ചോറിലെ സെറട്ടോണിൻ, ഡോപ്പമിൻ തുടങ്ങിയ രാസവസ്തുക്കളുടെ വ്യതിയാനങ്ങൾ, കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ നൽകുന്ന മാനസികാഘാതങ്ങൾ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിലെ ഒറ്റപ്പെടലുകൾ തുടങ്ങി ജൈവികവും മാനസികവും സാമൂഹികവുമായ പല കാരണങ്ങൾ കൊണ്ടും ഒരാൾ വിഷാദത്തിന്റെ പിടിയിലമരാം.
ഒരാൾക്ക് വിഷാദമുണ്ടെന്ന് നമ്മൾ എപ്പോഴാണ് തിരിച്ചറിയേണ്ടത്?
കാരണമില്ലാതെ രാവിലെ മുതൽ വൈകുന്നേരം വരെ വിട്ടുമാറാത്ത സങ്കടം, മുമ്പ് ആസ്വദിച്ചിരുന്ന കാര്യങ്ങളിലൊന്നും യാതൊരു താത്പര്യവുമില്ലായ്മ, അകാരണമായ ക്ഷീണവും അവശതയും, ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായ ഉറക്കം, ഭക്ഷണത്തോട് വെറുപ്പും വിശപ്പില്ലായ്മയും തുടങ്ങിയവ പ്രധാന ലക്ഷണങ്ങളാണ്. ഒന്നിനും ഏകാഗ്രത ലഭിക്കാത്ത അവസ്ഥ, ചിന്തകളുടെയും പ്രവർത്തികളുടെയും വേഗത ഗണ്യമായി കുറയുക, അകാരണമായ കുറ്റബോധം, താനൊരു ഉപയോഗശൂന്യനാണെന്ന ചിന്ത, എങ്ങനെയെങ്കിലും മരിക്കണമെന്നുള്ള തോന്നലുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്. ഈ ലക്ഷണങ്ങളിൽ അഞ്ചെണ്ണമെങ്കിലും തുടർച്ചയായ രണ്ടാഴ്ചയോ അതിൽ കൂടുതലോ ഒരാളിൽ കണ്ടാൽ അത് വിഷാദമാകാൻ വലിയ സാധ്യതയുണ്ട്.
നമ്മുടെ ചുറ്റുമുള്ള ആർക്കെങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും അവരെ ഉപദേശിക്കാൻ പോകരുത്. പകരം, അങ്ങോട്ട് ചെന്ന് അവരെ ക്ഷമാപൂർവ്വം കേൾക്കുകയാണ് വേണ്ടത്. മുൻവിധികളില്ലാതെ, അവരെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ കാര്യങ്ങൾ ചോദിച്ചറിയുക. അവരെ ഒറ്റപ്പെടുത്താതെ പൂർണ്ണമായ വൈകാരിക പിന്തുണ നൽകുക. പലപ്പോഴും നമ്മൾ സമയം കണ്ടെത്തി അവരെ കേൾക്കുന്നത് തന്നെ അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പ്രഥമശുശ്രൂഷയാണ്. ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ആർത്തവ പൂർവ്വ സമയത്തും, പ്രസവാനന്തരവും, ആർത്തവവിരാമ സമയത്തും സ്ത്രീകൾക്കും, അതുപോലെ ഒറ്റപ്പെടൽ അനുഭവിക്കുന്ന വാർദ്ധക്യത്തിലെത്തിയവർക്കും ഈ കരുതലും പിന്തുണയും ഏറ്റവും അത്യാവശ്യമാണ്.
വിഷാദം പൂർണ്ണമായും ചികിത്സിച്ചു മാറ്റാൻ കഴിയുന്ന ഒന്നാണ് എന്ന് നമ്മൾ തിരിച്ചറിയണം. ലഘുവായ വിഷാദത്തിന്, ഹിപ്നോതെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലെയുള്ള ശാസ്ത്രീയമായ മനഃശാസ്ത്ര ചികിത്സകളും, തീവ്രമായ വിഷാദത്തിന് തലച്ചോറിലെ രാസവസ്തുക്കളെ ക്രമീകരിക്കുന്ന മരുന്നുകളും ആവശ്യമായി വന്നേക്കാം. ഇതിൽ നിന്നും പൂർണ്ണമായി പുറത്തുകടക്കാനും രോഗം ആവർത്തിക്കാതിരിക്കാനും നമ്മുടെ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൂടി അനിവാര്യമാണ്. രാത്രികളിൽ മൊബൈൽ മാറ്റിവെച്ച് കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക, ദിവസേന അരമണിക്കൂർ വ്യായാമം ചെയ്യുക, തൊഴിലിടത്തിലും നാട്ടിലുമുള്ള വിവിധ സുഹൃത്തുക്കളുമായി നിരന്തരം സമ്പർക്കം പുലർത്തുക, ലഹരിവസ്തുക്കളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുക, ക്രിയാത്മക വിനോദങ്ങൾക്കായി സമയം കണ്ടെത്തുക തുടങ്ങിയവ നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. ഇരുളടഞ്ഞ ഒരു ഇടനാഴിയിലൂടെ അനിശ്ചിതമായി നടക്കുന്നത് പോലെയാണ് തീവ്രമായ വിഷാദം എങ്കിലും, കൃത്യമായ ചികിത്സയും മാനസിക പിന്തുണയും ഉണ്ടെങ്കിൽ ആ ഇരുളിൽ നിന്നും ഏത് വ്യക്തിക്കും വെളിച്ചത്തിലേക്ക് തിരികെ നടക്കാൻ സാധിക്കും. വിഷാദത്തെ പുച്ഛിച്ചു തള്ളുകയല്ല, ശാസ്ത്രീയമായി മനസ്സിലാക്കി ചേർത്തുപിടിക്കുകയാണ് വേണ്ടത്.
അശോക് നാരായൺ,
ഹിപ്നോതെറാപിസ്റ് & ട്രെയിനർ