വഴിയടയാളങ്ങൾ

  • Home
  • വഴിയടയാളങ്ങൾ

വഴിയടയാളങ്ങൾ "കാലത്തിന്റെ സാക്ഷ്യം"

മഞ്ഞ വെളിച്ചം; ഒരു രാജ്യത്തിന്റെ കണ്ണീരും പുഞ്ചിരിയും 💛🇧🇷എന്റെ കുട്ടിക്കാലം മുതൽ തുടങ്ങിയ പ്രണയമാണ് ആ മഞ്ഞക്കുപ്പായത്തോട...
07/07/2026

മഞ്ഞ വെളിച്ചം; ഒരു രാജ്യത്തിന്റെ കണ്ണീരും പുഞ്ചിരിയും 💛🇧🇷

എന്റെ കുട്ടിക്കാലം മുതൽ തുടങ്ങിയ പ്രണയമാണ് ആ മഞ്ഞക്കുപ്പായത്തോട്. ഫുട്ബോൾ എന്താണെന്ന് പോലും കൃത്യമായി തിരിച്ചറിയുന്നതിന് മുൻപേ ഹൃദയത്തിൽ കയറിക്കൂടിയതാണ് ബ്രസീൽ. 98 ലോകകപ്പ് അധികമൊന്നും കാണാൻ പറ്റിയില്ലെങ്കിലും, പിറ്റേന്ന് രാവിലെ പത്രത്തിന്റെ അവസാന പേജിലെ സ്പോർട്സ് വാർത്തകൾ ആകാംഷയോടെ വായിച്ചായിരുന്നു അന്ന് കളിവിശേഷങ്ങൾ പൂർത്തിയാക്കിയിരുന്നത്. പിന്നീട് 2002 ലോകകപ്പ് വന്നപ്പോൾ ആവേശം ഇരട്ടിയായി. വായനശാലയിലെ ടേബിൾ വരാന്തയിലിട്ട്, പെട്ടി tv വെച്ച് , മുറ്റത്ത് ബെഞ്ചും കസേരകളും നിരത്തി സുഹൃത്തുക്കളോടും നാട്ടുകാരോടൊപ്പം ഒന്നിച്ചിരുന്ന് കളി കണ്ട ആ ദിനങ്ങൾ... അന്ന് അങ്ങനെ പെട്ടി ടിവി വെച്ച് കളി കാണാൻ സൗകര്യമൊരുക്കിയവർക്ക് നന്ദി!കാലം മാറി, ഇന്ന് പെട്ടി ടിവിയിൽ നിന്ന് നമ്മൾ പ്രൊജക്ടറിലേക്ക് എത്തി. ഇന്നും എന്റെ നാട്ടിൽ വലിയ സ്ക്രീനിൽ പ്രൊജക്ടർ വെച്ച് കളി നടത്തുന്ന പ്രിയപ്പെട്ടവർക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. കാരണം, ഇന്ന് അവിടെയിരുന്ന് ആവേശത്തോടെ കളി കാണുന്ന കൊച്ചുകുട്ടികൾക്ക്, അവർ വലുതാകുമ്പോൾ അടുത്ത തലമുറയോട് അഭിമാനത്തോടെ പറയാൻ ഒരുപാടു കഥകൾ ഈ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്.ഈ ലോകകപ്പ് തോൽവിയും നെയ്മറുടെ വിരമിക്കലുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചു, എങ്കിലും ആ പ്രണയം ഒട്ടും കുറയുന്നില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല...പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമൊക്കെ പന്തുരുട്ടുന്നതിന് എത്രയോ മുൻപ്, ബ്രസീൽ എന്ന ലാറ്റിനമേരിക്കൻ രാജ്യം ദാരിദ്ര്യത്തോടും പട്ടിണിയോടും കടുത്ത വംശീയതയോടും പോരാടുകയായിരുന്നു. ഒരു വശത്ത് പണക്കാരുടെ ആഡംബരങ്ങളും മറുപശത്ത് ജീവിക്കാൻ വേണ്ടി തെരുവിൽ അലയുന്ന ലക്ഷക്കണക്കിന് മനുഷ്യരും. അവർക്ക് ഒരുമിച്ച് നിൽക്കാൻ ഒരു കാരണമുണ്ടായിരുന്നില്ല, ഒരുമിച്ച് ചിരിക്കാൻ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല. അവിടെയാണ് ഫുട്ബോൾ അവരുടെ ദൈവമായത്, ആ മഞ്ഞക്കുപ്പായം അവരുടെ ദേശീയ പതാകയേക്കാൾ വിശുദ്ധമായത്.ബ്രസീൽ ടീം എന്ന് പറഞ്ഞാൽ വെറും 11 സൂപ്പർ താരങ്ങളല്ല. അത് ഫാവെലകളിലെ (ബ്രസീലിലെ കളിമൺ ചേരികളിലെ) ഇടുങ്ങിയ തെരുവുകളിൽ, നഗ്നപാദരായി, കീറിയ പന്തുകൊണ്ടും തുണിചുരുട്ടിയ പന്തുകൊണ്ടും സ്വപ്നം കാണാൻ തുടങ്ങിയ ലക്ഷക്കണക്കിന് മനുഷ്യരുടെ ആത്മാവാണ്. അവിടെ ഫുട്ബോൾ ഒരു വിനോദമല്ല, മറിച്ച് വിശപ്പിനോടും ദുരിതങ്ങളോടുമുള്ള ഒരു ജനതയുടെ കലഹമാണ്, അതിജീവനത്തിന്റെ ഒരേയൊരു മോചനമാർഗ്ഗമാണ്.

കറുത്ത മുത്തുകളും വംശീയതയുടെ ചോരപ്പാടുകളും ⚽

ഇന്ന് നമ്മൾ കാണുന്ന മനോഹരമായ ബ്രസീൽ ഫുട്ബോൾ വെറുതെ ഉണ്ടായതല്ല. ഒരു കാലത്ത് കറുത്തവർഗ്ഗക്കാർക്കും ദരിദ്രർക്കും ഈ കളി കളിക്കാൻ പോലും അനുവാദമില്ലാതിരുന്ന കറുത്ത ചരിത്രം ബ്രസീലിനുണ്ട്. പണക്കാരായ വെളുത്തവർഗ്ഗക്കാരുടെ ക്ലബ്ബുകളിൽ കളിക്കാൻ വേണ്ടി സ്വന്തം കറുത്ത നിറം മറയ്ക്കാൻ മുഖത്ത് വെളുത്ത പൗഡർ പൂശി ഇറങ്ങേണ്ടി വന്ന കാർലോസ് ആൽബർട്ടോയെപ്പോലുള്ള താരങ്ങളുടെ കണ്ണീരുണ്ട് ഈ മഞ്ഞക്കുപ്പായത്തിന്റെ ഭൂതകാലത്തിൽ.എന്നാൽ ആ വിവേചനങ്ങളുടെ മതിലുകളെല്ലാം തകർത്തത് അവരുടെ കാലിലെ മാന്ത്രികതയായിരുന്നു. 1958-ൽ പെലെ എന്ന പതിനേഴുകാരനായ കറുത്ത മുത്ത് ലോകത്തിന്റെ നെറുകയിലേക്ക് ആ രാജ്യത്തെ നയിച്ചപ്പോൾ, അത് ബ്രസീലിന് വെറുമൊരു ലോകകപ്പ് വിജയമായിരുന്നില്ല. മറിച്ച്, നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട, അടിമകളാക്കപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമായിരുന്നു. ഞങ്ങൾക്കും ഈ ലോകം കീഴടക്കാം എന്ന വിശ്വാസമായിരുന്നു.മാരക്കാനയിലെ ആരും പറയാത്ത ശാപം 💔1950-ലെ ലോകകപ്പ് ഫൈനൽ. സ്വന്തം നാട്ടിലെ മാരക്കാന സ്റ്റേഡിയത്തിൽ uruguayയോട് ബ്രസീൽ തോറ്റ ആ കറുത്ത ദിവസം ഒരു രാജ്യത്തിന്റെ ചരിത്രത്തെയാണ് മാറ്റിമറിച്ചത്. അന്ന് രാത്രി ബ്രസീലിൽ ഒരു വീട്ടിൽ പോലും അടുപ്പ് പുകഞ്ഞിരുന്നില്ല. ഹൃദയം പൊട്ടി മരിച്ചവരും സ്റ്റേഡിയത്തിൽ നിന്ന് ആത്മഹത്യ ചെയ്തവരും നിരവധിയാണ്. അന്ന് തോൽവിക്ക് കാരണം ബാർബോസ എന്ന കറുത്തവർഗ്ഗക്കാരനായ ഗോൾകീപ്പറാണെന്ന് പറഞ്ഞ് ലോകം മുഴുവൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി.മരിക്കുന്നതുവരെ ആ മനുഷ്യൻ ബ്രസീലിലെ തെരുവുകളിൽ ഒരു കുറ്റവാളിയെപ്പോലെയാണ് ജീവിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് ബാർബോസ പറഞ്ഞ ഒരു വാചകമുണ്ട്: "ബ്രസീലിൽ കൊലപാതകത്തിന് പോലും പരമാവധി ശിക്ഷ 30 വർഷമാണ്. എന്നാൽ ഞാൻ ചെയ്യാത്ത തെറ്റിന് 50 വർഷമാണ് ഈ രാജ്യം എന്നെ വേട്ടയാടിയത്." വിജയങ്ങളുടെ വലിപ്പം മാത്രമല്ല, ഇത്തരം ചില കണ്ണീരിന്റെ കഥകൾ കൂടിയാണ് ബ്രസീൽ ഫുട്ബോളിനെ ഇത്രമേൽ വൈകാരികമാക്കുന്നത്.

ലോകകപ്പിലെ കണ്ണീരും നെയ്മർ യുഗത്തിന്റെ അവസാനവും 👑

വീണ്ടുമൊരു ലോകകപ്പ് കൂടി നഷ്ടപ്പെട്ട് ആ മഞ്ഞപ്പട കണ്ണീരോടെ കളം വിടുമ്പോൾ ആരാധകരുടെ ഹൃദയം തകരുന്നത് സ്വാഭാവികമാണ്. കളി തീർന്ന് വിസിൽ മുഴങ്ങുമ്പോൾ മൈതാനത്ത് മുഖം പൊത്തി കരയുന്ന കളിക്കാരെ നോക്കി ലോകം വിധിയെഴുതും, ഇനിയൊരു തിരിച്ചുവരവ് ബ്രസീലിനില്ലെന്ന്. എന്നാൽ ആ കണ്ണീരിലാണ് പുതിയൊരു ഉദയത്തിന്റെ വിത്ത് പാകുന്നത്.ഈ തോൽവിയേക്കാൾ വലിയൊരു മുറിവാണ് നെയ്മർ ജൂനിയർ എന്ന ആധുനിക ഫുട്ബോളിലെ സുൽത്താന്റെ വിരമിക്കൽ വാർത്ത. ഒരു തലമുറയെ മുഴുവൻ ഫുട്ബോളിലേക്ക് ആകർഷിച്ച ആ മാന്ത്രിക ചുവടുകൾ ഇനി ആ മഞ്ഞക്കുപ്പായത്തിൽ ഉണ്ടാകില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. കളിക്കളത്തിൽ ഫൗളുകൾ കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടിട്ടും, കാലുകൾക്ക് പരിക്കേറ്റിട്ടും, വീണടത്തുനിന്ന് വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന നെയ്മർ ബ്രസീൽ ഫുട്ബോളിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയാണ്. പെലെയുടെ റെക്കോർഡുകൾ വരെ തിരുത്തിക്കുറിച്ചിട്ടും ഒരു ലോകകപ്പ് കിരീടം എന്ന സ്വപ്നം മാത്രം ബാക്കിയാക്കി അദ്ദേഹം കളം വിടുമ്പോൾ, അത് ഒരു കളിക്കാരന്റെ മാത്രമല്ല, ഒരു യുഗത്തിന്റെ തന്നെയാണ് അവസാനമാകുന്നത്. നെയ്മർ, നിങ്ങൾ തന്ന ആ സുന്ദര നിമിഷങ്ങൾക്ക് ഈ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

പുതിയ ഇതിഹാസങ്ങളുടെ ഉദയം ✨

മറ്റുള്ള രാജ്യങ്ങൾക്ക് ഒരു ഇതിഹാസ താരം ജനിക്കാൻ ചിലപ്പോൾ ഒരു നൂറ്റാണ്ട് മുഴുവൻ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ബ്രസീലിന്റെ മണ്ണിൽ എപ്പോഴും ഇതിഹാസങ്ങൾ ജനിച്ചുകൊണ്ടേയിരിക്കുകയാണ്. അതൊരു തുടർച്ചയാണ്, ഒരിക്കലും വറ്റാത്ത ഒരു ഉറവയാണ്. പെലെയിൽ നിന്ന് ഗാരിഞ്ചയിലേക്കും, അവിടെ നിന്ന് സീക്കോയിലേക്കും, പിന്നീട് റൊമാരിയോ, കഫു, റൊണാൾഡോ, കാർലോസ്, റിവാൾഡോ, റൊണാൾഡീഞ്ഞോ, കക്ക, റോബിൻജോ, അഡ്രിയാനോ എന്നിവരിലൂടെ നെയ്മറിലേക്കും എത്തിയ ആ രാജകീയ പാരമ്പര്യം ഇവിടെ അവസാനിക്കില്ല.നെയ്മർ പടിയിറങ്ങുമ്പോൾ ആ രാജാവ് ബാക്കിവെച്ചുപോയ കിരീടവും ചെങ്കോലും ഏറ്റെടുക്കാൻ പുതിയ ഇതിഹാസങ്ങൾ ആ ചേരികളിൽ നിന്ന് ഇനിയും ഉയർന്നുവരും. വിനീഷ്യസും റോഡ്രിഗോയും എൻഡ്രിക്കും മുതൽ നാളെ തെരുവിൽ പന്തുരുട്ടാൻ പോകുന്ന അജ്ഞാതനായ ഒരു ബാലൻ വരെ ബ്രസീലിന്റെ പുതിയ സൂര്യന്മാരായി മാറും. കാരണം, ബ്രസീലിലെ ഓരോ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കുഞ്ഞുങ്ങൾ ജനിക്കുന്നത് കാലിൽ ഫുട്ബോളിന്റെ മാന്ത്രികതയുമായാണ്.കളിയല്ല,

ഇത് ജീവിതത്തോടുള്ള പ്രണയമാണ് ❤️

മറ്റുള്ള രാജ്യങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കൃത്യമായ തന്ത്രങ്ങളോടെ, മെഷീനുകളെപ്പോലെ കളിക്കുമ്പോൾ, ബ്രസീലുകാർ സന്തോഷം പങ്കുവെക്കാൻ വേണ്ടി കളിക്കുന്നു. അതുകൊണ്ടാണ് അവരുടെ കളിക്കളത്തിലെ ചുവടുകൾ കണ്ട് ലോകം അതിനെ സാംബ നൃത്തം എന്ന് വിളിച്ചത്. ആ കളിയിൽ ഒരു താളമുണ്ട്, തെരുവിന്റെ സ്വാതന്ത്ര്യമുണ്ട്, ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയമുണ്ട്.അവർ കളിക്കുന്നത് കിരീടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഗാലറിയിലിരിക്കുന്ന, ദൂരെയൊരു ചേരിയിലെ കുരമ്പുകൂരയിൽ ടിവിക്കു മുന്നിലിരിക്കുന്ന ഒരു പാവപ്പെട്ടവന്റെ മുഖത്ത് ഒരു നിമിഷത്തെ പുഞ്ചിരി സമ്മാനിക്കാൻ വേണ്ടിയാണ്. ആ 90 മിനിറ്റ് കൊണ്ട് അവർക്ക് തങ്ങളുടെ വിശപ്പും ജീവിതത്തിലെ സങ്കടങ്ങളും മറക്കണം. അതിനുവേണ്ടിയാണ് കളിക്കളത്തിൽ ഓരോ ബ്രസീൽ താരവും ചോരയൊഴുക്കുന്നത്.ഒരുപാട് പ്രതിഭകൾ വരും, പോകും. കപ്പുകൾ വരും, ഇനിയും പോകും. എന്നാൽ ബ്രസീൽ ടീം ലോകത്തിന് നൽകിയ ഒരു വലിയ സന്ദേശമുണ്ട്: നിങ്ങൾ എത്ര താഴെയാണെങ്കിലും, ലോകം നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാൻ ഒരു പന്തും ഒരുപിടി വലിയ സ്വപ്നങ്ങളും മാത്രം മതി. മഞ്ഞക്കുപ്പായം നെഞ്ചോട് ചേർക്കുന്നത് കേവലം ട്രോഫികളുടെ എണ്ണം നോക്കിയല്ല, മറിച്ച് ആ കളി തരുന്ന ആത്മാവിനെ, ആ ചരിത്രത്തെ പ്രണയിക്കുന്നത് കൊണ്ടാണ്. തോൽവികളിലും വിജയങ്ങളിലും ഒരേ ആവേശത്തോടെ, എന്നും എപ്പോഴും, ആ മഞ്ഞ വെളിച്ചത്തോടൊപ്പം! 🇧🇷💛

ചിറമ്മൽ മെൽബൺ: സൗഹൃദത്തിന്റെ കരുത്തിൽ പുനർജനിച്ച കളിമുറ്റം​വാഴപ്പള്ളി കോഫിഹൗസ്... ആ പഴയ ചായക്കടയുടെ ഓർമ്മകൾ ഇന്നും ആ കവല...
03/05/2026

ചിറമ്മൽ മെൽബൺ: സൗഹൃദത്തിന്റെ കരുത്തിൽ പുനർജനിച്ച കളിമുറ്റം
​വാഴപ്പള്ളി കോഫിഹൗസ്... ആ പഴയ ചായക്കടയുടെ ഓർമ്മകൾ ഇന്നും ആ കവലയിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിലും, ഇന്ന് അവിടം വായനശാലയുടെ അക്ഷരമുറ്റമാണ്. അവിടെ ഒത്തുകൂടുന്ന വാഴപ്പള്ളിയിലെ പിള്ളേരുടെ ചർച്ചകളിൽ നിന്ന് ചിറമ്മലിലെ ഞങ്ങളുടെ ആ പഴയ കളിമുറ്റത്തേക്ക് അധികം ദൂരമില്ല. തെങ്ങുകളും തോടുകളും നിറഞ്ഞ ആ പറമ്പ് വെറുമൊരു മണ്ണല്ല; ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയാണ്.
​വർഷങ്ങളോളം ഞങ്ങളുടെ ജീവിതം ഈ മൈതാനത്തായിരുന്നു. ഓരോ ദിവസവും ജോലി കഴിഞ്ഞ് തളർന്നെത്തുമ്പോഴും, കൃത്യം 5:30-ന് ഞങ്ങൾ ആ ഗ്രൗണ്ടിൽ ഹാജരാകും. ആ വെയിലിലും കാറ്റിലും ഞങ്ങളുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ചിറമ്മലിലെ ഓരോ തെങ്ങിനും ആ തോടുകൾക്കും ഞങ്ങളുടെ ആ നിശബ്ദമായ പോരാട്ടങ്ങളുടെയും പൊട്ടിച്ചിരികളുടെയും കഥകൾ പറയാനുണ്ടാകും. എന്നാൽ കാലം മാറിയപ്പോൾ, ജീവിതത്തിരക്കുകൾക്കിടയിൽ എപ്പോഴോ ആ മൈതാനം ഉപേക്ഷിക്കപ്പെട്ടു. ആൾപ്പൊക്കത്തിൽ വളർന്ന കാട്ടുചെടികളും അള്ളിപ്പിടിച്ച വള്ളികളും ആധിപത്യം സ്ഥാപിച്ചതോടെ ഞങ്ങളുടെ പ്രിയപ്പെട്ട കളിമുറ്റം ഒരു കാടായി മാറി.
​പക്ഷേ, ആ കാടിനുള്ളിൽ മറഞ്ഞുപോയത് ഞങ്ങളുടെ യൗവനത്തിന്റെ ഊർജ്ജമായിരുന്നു. അത് വീണ്ടെടുക്കാൻ വാഴപ്പള്ളിയിലെ ചങ്ങാതിക്കൂട്ടം വീണ്ടും ഒരുമിച്ചു. ഈ ദൗത്യത്തിന് നാട്ടിലുള്ളവർ മാത്രമല്ല കൈകോർത്തത്; കടൽ കടന്ന് ഗൾഫിന്റെ മണ്ണിലിരുന്ന് ഞങ്ങളുടെ ഓരോ നീക്കത്തിനും കരുത്തുപകർന്ന പ്രിയ സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. ടർഫിന്റെ തിളക്കത്തേക്കാൾ ഞങ്ങൾക്ക് പ്രിയം ഈ പച്ചമണ്ണിന്റെ മണമാണ്. കൃത്രിമത്വമില്ലാത്ത കളിമണ്ണിൽ പടുത്തുയർത്തിയ ആ ഉറപ്പുള്ള കോൺക്രീറ്റ് പിച്ച് ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമാണ്.
​ചിറമ്മൽ മെൽബണിന് ഒരു പ്രത്യേക നിയമമുണ്ട്. ഇത് ഏതെങ്കിലും തടസ്സങ്ങൾ കൊണ്ട് ഉണ്ടായതല്ല, മറിച്ച് ഞങ്ങളുടെ ബാറ്റിംഗ് കരുത്ത് അളക്കാൻ ഞങ്ങൾ തന്നെ നിശ്ചയിച്ചതാണ്—ഇവിടെ 'ലെഗ് സൈഡ്' കളിയില്ല! സ്ട്രൈറ്റ് (Straight) ഡ്രൈവുകളും ഓഫ് സൈഡ് (Off Side) ഷോട്ടുകളും കൊണ്ട് മൈതാനം ഭരിക്കുന്നവന്റെ ചങ്കുറപ്പാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻമാർക്ക് ഇതൊരു പറുദീസയാണ്; അവർക്ക് ആ മണ്ണിൽ ലെഗ് സൈഡിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലാണ് ഗ്രൗണ്ട് സജ്ജമാക്കിയിരിക്കുന്നത്.
​ഞങ്ങൾ ഈ ഗ്രൗണ്ട് ഒരുക്കിയത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, ഞങ്ങളുടെ വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടി കൂടിയാണ്. ഡിജിറ്റൽ ലോകത്തെ തിരക്കുകളിൽ നിന്ന് മാറി, ചിറമ്മലിലെ ഈ തണുത്ത കാറ്റേറ്റ്, ഈ മണ്ണിലിറങ്ങി ഓടാൻ അവർക്കും ഒരിടം വേണം. ഞങ്ങൾ ആസ്വദിച്ച ആ സ്പോർട്സ്മാൻ സ്പിരിറ്റും ഒത്തൊരുമയും അവർക്കും പകർന്നുനൽകണം.
​വർഷങ്ങൾക്ക് ശേഷം ചിറമ്മലിലെ മണ്ണിൽ വീണ്ടും കളി ആരവങ്ങൾ മുഴങ്ങുകയാണ്. കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് നാളെ മുതൽ ചിറമ്മൽ മെൽബൺ സജീവമാകും. പഴയ ആ ആവേശത്തോടെ, കൃത്യം 5:30-ന്റെ ആ ഓർമ്മകളുമായി ഞങ്ങൾ വീണ്ടും ക്രീസിലേക്ക്...
​ഇത് ചിറമ്മൽ മെൽബൺ!
വാഴപ്പള്ളിയിലെ പിള്ളേരുടെ വിയർപ്പും സൗഹൃദവും പടുത്തുയർത്തിയ സ്വപ്നം!
നാളെ മുതൽ കളി തുടങ്ങുന്നു...

01/04/2026
കുന്നംകുളം: അതിജീവനത്തിന്റെ ചരിത്രവും കൗതുകങ്ങളുടെ കലവറയും! 📜✨​"കുന്നംകുളം" എന്ന് കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ ചുണ്ടിൽ...
01/04/2026

കുന്നംകുളം: അതിജീവനത്തിന്റെ ചരിത്രവും കൗതുകങ്ങളുടെ കലവറയും! 📜✨
​"കുന്നംകുളം" എന്ന് കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ ചുണ്ടിൽ ആദ്യം വിരിയുന്നത് ഒരു പുഞ്ചിരിയായിരിക്കും. 'ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളുടെ കേന്ദ്രം' എന്ന കളിയാക്കലിലോ, ഏതൊരു ബ്രാൻഡഡ് ഉൽപ്പന്നത്തെയും വെല്ലുന്ന ഇവിടുത്തെ 'അപരൻ' നിർമ്മാണങ്ങളിലോ ആണ് പലപ്പോഴും കുന്നംകുളത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കാറുള്ളത്. എന്നാൽ, ഈ വിളിപ്പേരിന് പിന്നിൽ ലോകം അധികം ചർച്ച ചെയ്യാത്ത, അതിസാഹസികമായ ഒരു നാടിന്റെ അതിജീവനത്തിന്റെയും അസാമാന്യ ബുദ്ധിയുടെയും (Reverse Engineering) വിസ്മയിപ്പിക്കുന്ന ചരിത്രമുണ്ടെന്ന് എത്രപേർക്കറിയാം?
​കടൽത്തീരത്ത് നിന്ന് കിലോമീറ്ററുകൾ അകലെയായിരുന്നിട്ടും, വിദേശ രാജ്യങ്ങളുമായി നൂറ്റാണ്ടുകൾക്ക് മുൻപേ ആത്മീയവും വാണിജ്യപരവുമായ ബന്ധം പുലർത്തിയ ഒരു ജനതയുടെ കഥയാണിത്. അച്ചടി യന്ത്രങ്ങളുടെ വരവിനും മുൻപേ അക്ഷരങ്ങളെ സ്നേഹിച്ച, പുസ്തകങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കാൻ സ്വന്തം പ്രസ്സുകൾ നിർമ്മിച്ച ആ പഴയ കാലം. വെറുമൊരു കച്ചവട കേന്ദ്രം എന്നതിലുപരി, സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പുകൾ മണ്ണിൽ ഒളിപ്പിച്ചുവെച്ച ഈ നാട് കേരളത്തിന്റെ ചരിത്രഭൂപടത്തിലെ അമൂല്യമായ ഒരു അധ്യായമാണ്.
​1. ഡ്യൂപ്ലിക്കേറ്റ് എന്ന 'അപാര ക്രിയേറ്റിവിറ്റി' 💡
യഥാർത്ഥത്തിൽ ഇത് കുന്നംകുളത്തുകാരുടെ അതിജീവനത്തിനുള്ള ഒരു അതിശയിപ്പിക്കുന്ന മാർഗ്ഗമായിരുന്നു. വിദേശത്തുനിന്ന് മാത്രം ലഭിച്ചിരുന്ന പല ആഡംബര വസ്തുക്കളും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ, അതേ ഗുണനിലവാരത്തിൽ നിർമ്മിച്ചെടുക്കാനുള്ള അവിടുത്തെ തൊഴിലാളികളുടെ വൈഭവം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഏതൊരു സങ്കീർണ്ണമായ യന്ത്രത്തെയും അഴിച്ചുപരിശോധിച്ച് അതിന്റെ മാതൃകയിൽ മറ്റൊന്ന് നിർമ്മിച്ചെടുക്കുന്ന ഈ 'റിവേഴ്സ് എഞ്ചിനീയറിംഗ്' ബുദ്ധിയാണ് കുന്നംകുളത്തിന് 'കേരളത്തിന്റെ ജപ്പാൻ' എന്ന വിളിപ്പേര് നേടിക്കൊടുത്തത്. ഇത് വെറുമൊരു അനുകരണമല്ല, മറിച്ച് ദാരിദ്ര്യത്തോടും സാഹചര്യങ്ങളോടും പൊരുതി ജയിക്കാൻ ഒരു ജനത കണ്ടെത്തിയ സാങ്കേതിക വിദ്യയായിരുന്നു.
​2. അച്ചടി വിപ്ലവത്തിന്റെ ആസ്ഥാനം 🖨️
കേരളത്തിലെ അച്ചടി വ്യവസായത്തിന്റെ ഹൃദയമിടിപ്പാണ് ഈ നാട്. സർക്കാർ പ്രസ്സുകൾക്ക് പോലും സാധിക്കാത്ത വേഗതയിൽ പുസ്തകങ്ങളും കലണ്ടറുകളും ഡയറികളും അച്ചടിച്ച് കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിച്ച വലിയൊരു പാരമ്പര്യം കുന്നംകുളത്തിനുണ്ട്. വിദേശ മിഷനറിമാരുടെ വരവോടെ അച്ചടി യന്ത്രങ്ങൾ ഇവിടെ പ്രചാരത്തിലായി. കുറഞ്ഞ ചിലവിൽ പുസ്തകങ്ങൾ അച്ചടിച്ചു നൽകി വിജ്ഞാനം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിൽ കുന്നംകുളത്തെ പ്രസ്സുകൾ വഹിച്ച പങ്ക് വിവരണാതീതമാണ്. ഇന്നും കലണ്ടർ നിർമ്മാണത്തിലും പുസ്തക വ്യാപാരത്തിലും കുന്നംകുളം കേരളത്തിന്റെ മുൻനിരയിൽ തന്നെയാണ്.
​3. അങ്ങാടി വീടുകൾ: സവിശേഷമായ നിർമ്മാണ ശൈലി 🏠
കുന്നംകുളം അങ്ങാടിയുടെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ 'അങ്ങാടി വീടുകൾ' ആണ്. വീടുകൾക്ക് തൊട്ടുതാഴെ തന്നെ കടകൾ എന്ന രീതിയിലായിരുന്നു ഇവയുടെ നിർമ്മാണം. ഒരു കുടുംബം മുഴുവൻ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന ആ പഴയ ശൈലി, ഈ നാടിന്റെ ബിസിനസ്സ് പാരമ്പര്യത്തിന്റെ അടയാളമാണ്. ഇടുങ്ങിയ പാതകളും ചേർന്നുനിൽക്കുന്ന കെട്ടിടങ്ങളും ഇന്നും ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നു. പല പഴയ വീടുകളും നൂറ്റാണ്ടുകൾക്ക് മുൻപത്തെ നിർമ്മാണ വൈഭവം ഇന്നും ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. കച്ചവടവും ജീവിതവും ഒന്നായിരുന്ന ഒരു കാലഘട്ടത്തിന്റെ സ്മാരകങ്ങളാണ് ഈ അങ്ങാടി വീടുകൾ.
​4. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം: പാരമ്പര്യത്തിന്റെ കരുത്ത് 🌍
കടൽത്തീരത്ത് നിന്ന് കിലോമീറ്ററുകൾ അകലെയായിട്ടും കുന്നംകുളത്തിന് നൂറ്റാണ്ടുകൾക്ക് മുൻപേ പേർഷ്യയോടും അന്ത്യോക്യയോടും (ഇന്നത്തെ സിറിയ/തുർക്കി) ആത്മീയവും വാണിജ്യപരവുമായ ബന്ധമുണ്ടായിരുന്നു. ആർത്താറ്റ് പള്ളി കേന്ദ്രീകരിച്ചു നടന്ന ഈ സഭാപരമായ ബന്ധങ്ങളാണ് പിന്നീട് കുന്നംകുളത്തെ ഒരു ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റിയത്. പഴയകാലത്തെ ആധുനികമായ വിദ്യാഭ്യാസവും അച്ചടി വിദ്യയും വിദേശ വാച്ചുകളും സാങ്കേതിക വിദ്യകളും ആദ്യമായി ഈ മണ്ണിലേക്ക് എത്തിയതും ഇത്തരത്തിലുള്ള വിദേശ ബന്ധങ്ങൾ വഴിയാണ്. ഇത് കുന്നംകുളത്തെ കേരളത്തിന്റെ 'ലണ്ടൻ' ആക്കി മാറ്റാൻ സഹായിച്ചു.
​5. ചൊവ്വന്നൂർ നരിമട: ശിലായുഗത്തിന്റെ നിശബ്ദ സാക്ഷി 🪨
കുന്നംകുളത്തിന്റെ പ്രാചീന ചരിത്രം തേടിപ്പോകുന്നവർക്ക് ചൊവ്വന്നൂരിലെ 'നരിമട' (Chowannur Burial Cave) ഒരു അത്ഭുതമാണ്.
​ചരിത്രം: ശിലായുഗ കാലഘട്ടത്തിലെ മനുഷ്യവാസത്തിന്റെ തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. പാലിയോലിത്തിക്ക് കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ഈ ഗുഹകൾ പുരാതന മനുഷ്യരുടെ ശവസംസ്കാര രീതികളെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകൾ നൽകുന്നു.
​നിർമ്മാണം: ചെങ്കല്ല് പാളികൾ അസാമാന്യ കൃത്യതയോടെ തുരന്നുണ്ടാക്കിയ ശവകുടീരമാണിത് (Burial Cave). ഭൂമിക്കടിയിലേക്ക് പാറ തുരന്നുണ്ടാക്കിയ ഈ നിർമ്മിതിക്കുള്ളിൽ പ്രവേശിക്കുമ്പോൾ നമ്മൾ ആയിരക്കണക്കിന് വർഷങ്ങൾ പിന്നിലേക്ക് പോകുന്ന അനുഭവം ലഭിക്കും.
​സംരക്ഷണം: നിലവിൽ ഭാരതീയ പുരാവസ്തു സർവേയുടെ (ASI) കീഴിലുള്ള ഈ സംരക്ഷിത സ്മാരകം, കുന്നംകുളം മേഖലയുടെ ചരിത്രപരമായ ഗൗരവം വിളിച്ചോതുന്നു.
​കുന്നംകുളത്തിന്റെ ഈ ആരും ചർച്ച ചെയ്യാത്ത ചരിത്രം നിങ്ങൾക്കറിയാമായിരുന്നോ? നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ അറിവ് പങ്കുവെക്കൂ. 🤝
​കൂടുതൽ ചരിത്ര വിശേഷങ്ങൾക്കായി ഫോളോ ചെയ്യൂ: Indra - കാലത്തിന്റെ സാക്ഷ്യം

Address

Kunnamkulam

680503

Website

Alerts

Be the first to know and let us send you an email when വഴിയടയാളങ്ങൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your practice to be the top-listed Clinic?

Share