28/06/2023
പനിക്കാലമല്ലേ വായിക്കാം
ചടങ്കം വച്ചാൽ വൈദ്യൻ വേണ്ട എന്ന് പണ്ട് നാട്ടിൻ പുറത്തൊരു ചൊല്ലുണ്ടായിരുന്നു. ഈ ചടങ്കം ഷഡംഗം എന്ന ഔഷധമാണ്. പനിയുള്ള രോഗിക്ക് ദാഹം വരുമ്പോൾ കുടിക്കുവാൻ നിർദ്ദേശിക്കുന്ന പാനീയം.
രോഗ പ്രതിരോധത്തിന് ആയുർവ്വേദം നിർദേശിക്കുന്ന പാനീയ ചികിത്സ കൂടിയാണ് ഷഡംഗം.
പനിക്ക് അഗ്ര്യ ഔഷധങ്ങളായ മുത്തങ്ങയും, പർപ്പടകപ്പുല്ലും ചേരുന്ന ഇതിന്റെ കൂടെ ചന്ദനം ചുക്ക് ഇരുവേലി രാമച്ചം മുതലായ നാല് ഔഷങ്ങളും ഉണ്ട്.
ചന്ദനം നല്ലതാണെങ്കിലും ലഭിക്കാനുള്ള ബുദ്ധിമുട്ടോ, അപ്രാപ്യ വിലയോ കാരണം പകരമായി ചിറ്റമൃത്, നറുനീണ്ടി, പൂവാങ്കുറുന്തൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് ചേർക്കാവുന്നതാണ്. ചിറ്റമൃത് ചിലർക്ക് അരുചിയുണ്ടാക്കുമെന്നതിനാൽ മറ്റു രണ്ടിലൊന്ന് പരിഗണിക്കാം. നെല്ലിക്കയുംപകരം ഉപയോഗിക്കാം.
പാരിസ്‌ഥിതിക ശുദ്ധിക്കായി ശുചീകരണത്തോടൊപ്പം അപരാജിത ധൂമത്താൽ ദിവസവും പുകയ്ക്കുന്നതും ഉത്തമമാണ്.
പുകക്കാൻ വീട്ടിൽ സുലഭമായ വെളുത്തുള്ളി / കടുക്/വേപ്പില / മഞ്ഞൾ / തുമ്പ ഇവയും നല്ലതാണ്.
. എല്ലാ സർക്കാർ ആയുർവേദാശുപത്രികളിലും ഡിസ്പെൻസറികളിലും പനിക്കുള്ള പ്രതിരോധ മരുന്നുകൾ ലഭ്യമാണ്.
എന്റെ വീട്ടിൽ ആർക്കുംപനിയില്ല എന്ന് പറയുവാൻ ഓരോ മലയാളിക്കും കഴിയണം.
എല്ലാ തരം പനികളിലും ആദ്യത്തെ മടിയും മേലുവേദനയും ദേഹത്തിന് കനവും ഉള്ള അവസ്ഥ കണ്ടു തുടങ്ങുമ്പോൾ മുതൽ തന്നെ വിശ്രമം വേണം.പനിച്ചു തുടങ്ങിയാൽ ദേഹത്തിന്റെ ചൂടുകൊണ്ട് വൈകാതെ വെള്ളംദാഹം തുടങ്ങും. പനി അവിടംകൊണ്ട് തീർക്കാനുള്ള നല്ല അവസരമാണത്. ചൂടുശരീരമുള്ളവർക്കും പകർച്ചപ്പനി ബാധിക്കുമ്പോഴും ആദ്യം തന്നെ ദാഹമുണ്ടാകും. ആ ദാഹം ശരീരത്തിന് ഒരു തരത്തിൽ പറഞ്ഞാൽ നല്ലതാണ്. കുടിക്കുന്ന വെള്ളം കൊണ്ട് തന്നെ പചനം നടക്കണം, ക്ഷീണം മാറണം, പനിയും മാറണം എന്നിങ്ങനെ പലകാര്യങ്ങളും ഒരുമിച്ച് വേണം താനും. ഈ അവസ്ഥയിൽ ദാഹം മാറ്റിയില്ലെങ്കിൽ നിർജലീകരണം സംഭവിക്കുകയും ചെയ്യും. അവിടെയാണ് ചടങ്കം അമൃതായി അനുഭവപ്പെടുന്നത്
ഔഷധി ഈ മരുന്ന് ഷഡംഗം കഷായ ചൂർണം എന്ന പേരിൽ ലഭ്യമാക്കുന്നുണ്ട്. കുപ്പികഷായ രൂപത്തിൽ വിപണിയിൽ കിട്ടുന്ന ഒഴിവാക്കുകയാണ് നല്ലത്.
50 ഗ്രാം മരുന്ന് ഏകദേശം 800 ML വെള്ളത്തിൽ തിളപ്പിച്ച് 400 ML ആക്കി 50 ML വീതം ഓരോ മൂന്ന് മണിക്കൂറിലും കഴിക്കുക.ഇത് ശാസ്ത്രീയ രീതി.
രുചി ഇഷ്ടപ്പെടാത്തവർ കുറച്ച് മരുന്ന് കുടുതൽ വെള്ളത്തിൽ തിളപ്പിച്ച് കൂടുതൽ അളവിൽ കഴിക്കുക'' ഉദാഹരണം 25 gm in 3 Ltr തിളപ്പിച്ച് 1 ഗ്ലാസ്സ വീതം 3 മണിക്കൂർ ഇടവിട്ട് കഴിക്കുക.
പനി കൂടുകയാണെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതും പനി ഭേദമനുസരിച്ച് ഔഷധങ്ങൾ കഴിക്കേണ്ടതുമാണ്. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വൈദ്യ നിർദ്ദേശ പ്രകാരമല്ലാതെ മരുന്ന് വാങ്ങിക്കഴിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്.
ഔഷധസേവയോടൊപ്പം
തന്നെ പാലിക്കേണ്ടതാണ് ആഹാരശീലങ്ങൾ .ദഹന വ്യവസ്ഥ ശരിയായ വിധം പ്രവർത്തിക്കേണ്ടത് അവശ്യം വേണ്ടതാണ്.
ആയുർവേദ ശാസ്ത്രത്തിൽ വിവിധ തരം കഞ്ഞികൾ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.
പനി വരുമ്പോൾ എന്തു കഴിക്കും ?
ജ്വരം പോലെയുള്ള അസുഖങ്ങളിൽ നമുക്ക് ആദ്യം വിശപ്പ് കുറയുന്നു. കാരണം ദഹനവ്യവസ്ഥ താറുമാറാക്കി ആഹാര പചന പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലേക്കാണ് ഇന്നത്തെ രോഗങ്ങളുടെ ആക്രമണം.
ആ അവസ്ഥയിൽ നാം ആദ്യം ചെയ്യേണ്ടത് ദഹനശക്തിയെ
നേരാവണ്ണം പ്രവർത്തിപ്പിച്ചെടുക്കുക എന്നതാണ് . അതിനായി ആയുർവ്വേദം വിവിധ തരം കഞ്ഞി ഉപദേശിച്ചിരിക്കുന്നു. ആധുനിക diet വെച്ചു നോക്കുമ്പോൾ ആയുർവ്വേദ diet കുറച്ചു കൂടി പ്രാധാന്യം ഉള്ളതാണ്.ആധുനിക ഡയറ്റിൽ കാർബോഹൈഡ്രേറ്സ് , ഫാറ്റ്, പ്രോട്ടീൻ എന്നിവയ്ക്ക് മാത്രം പ്രാധാന്യം നല്കുന്നു. അതേസമയം ആയുർവ്വേദത്തിൽ ആഹാരത്തിന്റെ സ്വഭാവവും രോഗിയുടെ പ്രകൃതിയും ദഹനാവസ്ഥയും നിരീക്ഷിച്ച ശേഷമേ ഡയറ്റ് ഉപദേശിക്കാറുള്ളു.വളരെ എളുപ്പം പാചകം ചെയ്യാനും , അതിലേക്കു ആവശ്യമുള്ള ചേരുവകൾ വീട്ടിൽ തന്നെ ലഭ്യമായതുംകൊണ്ട് നമുക്ക് എളുപ്പത്തിൽ തയാറാക്കി എടുക്കാൻ
സാധിക്കും .
1.മലർക്കഞ്ഞി പനിയുള്ള പ്പോൾ ഉത്തമമായ ആഹാരമാണ്. ചുക്കിട്ട് തിളപ്പിച്ച വെള്ളത്തിൽ മലർ ചേർത്തു കഞ്ഞിയാക്കുക. ചുക്കിന് പകരം മല്ലിയോ ഇവ രണ്ടും ചേർത്തോ ഉപയോഗിക്കാം.
2.മലർ,ഉണക്ക മുന്തിരിങ്ങ, നറുനീണ്ടി, തിപ്പലി, തേൻ, ചുക്ക് എന്നിവ ചേർത്തു ഉണ്ടാക്കുന്ന കഞ്ഞി ദാഹം കുറയ്ക്കാൻ ഫലപ്രദമാണ്.അതുപോലെ തന്നെ വൈദ്യനിർദേശപ്രകാരം പഞ്ചമൂലങ്ങൾ ചേർത്തും പഞ്ചകോലചൂർണം ചേർത്തും കഞ്ഞി ഉണ്ടാക്കി രോഗാവസ്ഥ അനുസരണം കഴിക്കാം . കേരളത്തിന്റെ കാലാവസ്ഥയും കേരളീയരുടെ ആരോഗ്യസ്ഥിതിയും ജീവിതരീതിയും കണക്കാക്കിയാൽ കഞ്ഞി എല്ലാർക്കും വളരെ ഹിതമായ ആഹാരമാണ്.
ബ്രഡ് ,ബൺ പോലുള്ള പനി ആഹാരങ്ങൾ ഉപേക്ഷിക്കുക. കഞ്ഞിക്ക് പപ്പടവും നന്നല്ല.
ഇനി നമ്മൾ മറന്നുകളഞ്ഞ എല്ലാക്കാലത്തേയും പനിയുടെ First aid നെ പരിചയപ്പെടാം
മല്ലി-കാപ്പി...............
1. മല്ലി - 100 ഗ്രാം.
2. ഉലുവ - 20 ഗ്രാം.
3. നല്ല ജീരകം - 20 ഗ്രാം.
4. ചുക്ക് - 10 ഗ്രാം.
5. ഏലയ്ക്ക - 10 ഗ്രാം.
6.കുരുമുളക് - 10 ഗ്രാം
7.തുളസിയില - 10 ഗ്രാം
മല്ലിയും ഉലുവയും ജീരകവും വറുത്തെടുക്കുക. ചുക്ക് കല്ലിൽ വച്ച് നന്നായി ചതച്ച് മിക്സിയിൽ പൊടിക്കുക .
ഇനി എല്ലാം കൂടി മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക.
കാപ്പി ഉണ്ടാക്കുന്ന വിധം
കരുപ്പെട്ടി ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. നന്നായി അലിഞ്ഞു കഴിയുമ്പോൾ കുറച്ചു മല്ലി-കാപ്പിപ്പൊടി ചേർക്കാം.അതിനു ശേഷം കാപ്പി അരിച്ച് ഉപയോഗിക്കാം.
കരുപ്പെട്ടി കിട്ടാൻ പ്രയാസമാണങ്കിൽ ശർക്കരയുപയോഗിച്ചും ഇത് തയ്യാറാക്കാം.
മറ്റൊരു കാപ്പി :
ശുദ്ധീകരിച്ച പനം കരുപ്പെട്ടി - ചുക്ക്, ഏലയ്ക്ക, കുരുമുളക്, ജീരകം ഒക്കെ ചേർത്തുണ്ടാക്കുന്ന കരുപ്പെട്ടിയാണ്. കാപ്പിയാക്കണമെങ്കിൽ വെള്ളം ചേർത്തു തിളപ്പിച്ചാൽ മതി. ഒന്നും കൂടെ ചേർക്കേണ്ട.
ചുക്കും ,കുരുമുളകും തുളസിയിലയും, കരുപ്പെട്ടിയും ചേർത്ത് ചുക്കുകാപ്പി ഉണ്ടാക്കാം ..
തുമ്മൽ ,ചെറിയ മേലുവേദന, കാല് കഴപ്പ് ഇവയൊക്കെ തുടങ്ങുമ്പോൾ തന്നെ ചുക്കുകാപ്പിയും ഷഡംഗവും, മലർ കഞ്ഞിയും കഴിച്ച് ആവശ്യത്തിന് വിശ്രമവും സ്വീകരിച്ചാൽ ശരീരത്തെ അപകടകരമല്ലാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കാതിരിക്കുവാൻ മാത്രമല്ല ഉണ്ടായിരുന്ന ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യാം. ഇനിയൊരു പനിക്കാലം അപകടകരമാകാതിരിക്കുവാൻ നമുക്കൊരുമിച്ച് പ്രയത്നിക്കാം .
കടപ്പാട് Info Drs Ayurveda FBPage