14/12/2024
ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പാലക്കാട് തൃത്താല മണ്ഡലത്തിലെ കണ്ണനൂരില്‍ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിക്കും.
കണ്ണനൂര്‍ തോട് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വി.പി. റജീന അധ്യക്ഷയാകും. ശ്രീ. എം.പി. അബ്ദു സമദ് സമദാനി എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ വിശദീകരണം നടത്തും. ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര ഐ.എ.എസ് വിശിഷ്ടാതിഥിയാകും. എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടര്‍ എ. നിസാമുദ്ദീന്‍ ഐ.എ.എസ്. ബ്രോഷര്‍ പ്രകാശനം നിര്‍വഹിക്കും. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. സെയ്തലവി മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തദ്ദേശ സ്ഥാപനതല ജനപ്രതിനിധികള്‍, സാമൂഹിക സാസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജലസംരക്ഷണം, ജല സുരക്ഷ എന്നീ മേഖലകളില്‍ സംസ്ഥാനത്ത് കാതലായ നേട്ടം കൈവരിച്ച ജനകീയ ക്യാമ്പയിനാണ് ഇനി ഞാനൊഴുകട്ടെ. രണ്ട് ഘട്ടങ്ങളിലായി ക്യാമ്പയിനിലൂടെ 24741 നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിച്ചു. 82352 കി.മീ. ദൂരം നീര്‍ച്ചാലുകള്‍ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റര്‍ ദൂരം പുഴകള്‍ ശുചീകരിച്ചു. ജല സംഭരണത്തിനായി 698 സ്ഥിരം തടയണകളും 67770 താല്‍ക്കാലിക തടയണകളും നിര്‍മ്മിച്ചു. 28914 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു. 24164 കുളങ്ങള്‍ നിര്‍മ്മിച്ചു.
കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനില്‍ സംസ്ഥാനത്തെ മുഴുവന്‍ നീര്‍ച്ചാലുകളും ജലസ്രോതസ്സുകളും ശുചീകരിച്ച് വീണ്ടെടുക്കുന്ന പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷ്യം നേടാനാണ് ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍ മൂന്നാംഘട്ടം ആരംഭിക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.