Dr. Boben Thomas

Dr. Boben Thomas Dr Boben Thomas is a medical Oncologist with 16 years of experience

Received Toofan Warrior Badge representing Heath Commission of Kottayam Diocese from DGP Revada A Chandrasekhar.
14/07/2026

Received Toofan Warrior Badge representing Heath Commission of Kottayam Diocese from
DGP Revada A Chandrasekhar.

"തലസ്ഥാനത്തെ എന്റെ ഒന്നര പതിറ്റാണ്ട് "എന്റെ പ്രൊഫഷണൽ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണ് ജൂലൈ 11. പതിനഞ്ച് വർഷങ്ങൾക്ക് മു...
11/07/2026

"തലസ്ഥാനത്തെ എന്റെ ഒന്നര പതിറ്റാണ്ട് "

എന്റെ പ്രൊഫഷണൽ ജീവിതത്തിലെ അവിസ്മരണീയമായ ദിവസമാണ് ജൂലൈ 11. പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് രണ്ടായിരത്തി പതിനൊന്നിൽ ഇതേ ദിവസമാണ് ഞാൻ തിരുവനന്തപുരത്ത് സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിക്കുന്നത്. അതിനുമുമ്പ്, ക്യാൻസർ ചികിത്സയിലെ ഉപരിപഠനത്തിന് ശേഷം, ട്രെയിനിങ് എടുത്ത അമൃത ആശുപത്രിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക്, ഒരു സ്വതന്ത്ര ചുമതലയിലേക്ക് നടന്നു കയറുന്നത് അന്നാണ്.

എന്തുകൊണ്ട് തിരുവനന്തപുരം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അന്നും ഇന്നും എനിക്ക് കൃത്യമായ ഉത്തരമില്ല. ആരോഗ്യ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് ഒരു വിധത്തിലുള്ള പ്രോത്സാഹനവും നൽകാത്ത തിരുവനന്തപുരത്ത് ഒരു ഓൺകോളജിസ്റ്റായി പോകുന്നത് സാഹസികമല്ലേ എന്ന് എന്റെ പല സുഹൃത്തുക്കളും ചോദിച്ചിരുന്നു. എനിക്ക് മുൻപേ അവർ സമീപിച്ച പല ഡോക്ടർമാരും ഈയൊരു കാരണം കൊണ്ട് തിരുവനന്തപുരം വേണ്ടെന്നു വെച്ച വിവരവും എനിക്കറിയാമായിരുന്നു.

ജില്ലയ്ക്കകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം ക്യാൻസർ രോഗികളും ആശ്രയിച്ചു കൊണ്ടിരുന്നത് കേരളത്തിലും, ഇന്ത്യയിലൊട്ടാകെയും ഏറ്റവും പഴക്കം ചെന്ന റീജിയണൽ കാൻസർ സെന്റർ എന്ന തലയെടുപ്പുള്ള ആശുപത്രിയെയായിരുന്നു. തൊട്ടു പിറകെ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളായ ശ്രീചിത്രാ തിരുനാൾ ആശുപത്രി, തിരുവനന്തപുരം മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും. ഗവൺമെന്റ് ആരോഗ്യമേഖലയ്ക്ക് സവിശേഷമായ ശ്രദ്ധ കൊടുക്കുന്ന, സ്വകാര്യ മേഖലയ്ക്ക് പ്രത്യേകിച്ച് ക്യാൻസർ ചികിത്സാ രംഗത്തിന് താരതമ്യേന ബാലികേറാമലയായ തിരുവനന്തപുരത്തേക്ക് ചുവട് വയ്ക്കണോ എന്ന് ആരും ശങ്കിച്ചു നിൽക്കുന്ന കാലഘട്ടം.

തിരുവനന്തപുരത്ത് ജോയിൻ ചെയ്യുമ്പോൾ വളരെ കാലം അവിടെ തുടരണമെന്നൊന്നും ഞാനാഗ്രഹിച്ചിരുന്നില്ല. ഒരു വർഷം നോക്കിയിട്ട് പറ്റുന്നില്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറാമെന്നായിരുന്നു എന്റെ ചിന്ത. എന്നാൽ പ്രൊഫഷണലായും, വ്യക്തിപരമായും എന്റെ ജീവിതത്തെ മാറ്റിമറിച്ച പല സംഭവ വികാസങ്ങൾക്കും തുടക്കം കുറിച്ചത് അവിടെ നിന്നായിരുന്നു.

അച്ഛയുടെ ഭാഗത്തുനിന്നും അമ്മയുടെ ഭാഗത്തുനിന്നുമുള്ള ഓരോ ബന്ധുക്കൾ മാത്രമാണ് എനിക്ക് തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന പരിചയം. മെഡിക്കൽ വിദ്യാഭ്യാസം പുറത്തായിരുന്നതിനാൽ തിരുവനന്തപുരത്ത് ഡോക്ടേഴ്സ് കമ്മ്യൂണിറ്റിയിലുള്ളവരെ ആരെയും എനിക്ക് പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രൊഫഷണൽ 'ഗോഡ് പേരന്റ് 'എന്ന് പറയാൻ എനിക്ക് ആരും തന്നെ ഇല്ലായിരുന്നു.

സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചവരിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് മാത്രമല്ല പരോക്ഷമായി പല പാരവെപ്പുകളും നേരിടേണ്ടി വന്നു. ആ സമയത്ത് എന്നെ സഹായിച്ച ഒരുപാട് വ്യക്തികളുണ്ട്. അവരിൽ തന്നെ പരോക്ഷമായി എനിക്ക് പിന്തുണയും പ്രചോദനവും തന്ന പ്രധാന വ്യക്തിത്വം ആർ.സി.സി യുടെ തന്നെ പ്രഥമ ഡയറക്ടറും പത്മശ്രീ അവാർഡ് ജേതാവുമായിരുന്ന പ്രൊ. എം. കൃഷ്ണൻനായർ സാറായിരുന്നു.

ഞാൻ തിരുവനന്തപുരത്ത് വന്ന് ഒരു മാസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുള്ള എല്ലാ ഓൺകോളജി ഡോക്ടർമാരെയും കോർത്തിണക്കിക്കൊണ്ട് 'ട്രിവാൻഡ്രം ഓൺകോളജി ക്ലബ്' എന്ന സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്. 19 പേരടങ്ങിയ അതിന്റെ സ്ഥാപക മീറ്റിങ്ങിലേക്ക് ഏറ്റവും ജൂനിയറായിരുന്ന എന്നെയും ക്ഷണിച്ചിരുന്നു. സംഘടനാ പ്രവർത്തനത്തിൽ താല്പര്യമുള്ളതുകൊണ്ടും, താരതമ്യേന പ്രഫഷണൽ ജോലിഭാരം കുറഞ്ഞതു കൊണ്ടും എനിക്ക് ആ ചുമതല ഏറ്റെടുക്കാൻ സാധിക്കുകയും കുറ്റമറ്റ രീതിയിൽ അത് നിർവഹിക്കാൻ കഴിയുകയും ചെയ്തു. കൃഷ്ണൻ നായർ സാറുടെ കൃത്യമായ മാർഗ്ഗ നിർദ്ദേശത്തോടെ നടത്തിയ സംഘടനാ പ്രവർത്തനം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി.

പതുക്കെ പതുക്കെ ഞാനും തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ ഭാഗമായി. വിനയായാകട്ടെ പെയിന്റിംഗ് ജീവിതത്തിന് തിരുവനന്തപുരത്ത് നിന്ന് കിട്ടിയ നല്ല പ്രോത്സാഹനത്തിൽ സന്തോഷവതിയായിരുന്നു. ഒരു വർഷം കഴിഞ്ഞ് തിരിച്ചു പോകാൻ തീരുമാനിച്ച ഞങ്ങൾ അവിടെ ആദ്യമായി ഒരു ഫ്ലാറ്റ് വാങ്ങി. രണ്ടാമത്തെ കുട്ടിയും മൂന്നാമത്തെ കുട്ടിയും പിറന്നപ്പോഴേക്കും മറ്റൊരു വീട് വാങ്ങി. അങ്ങിനെ തിരുവനന്തപുരത്ത് തന്നെ നിൽക്കാമെന്ന് തീരുമാനിച്ചപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കുന്നത്. അതേത്തുടർന്ന് എനിക്ക് തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് മാറേണ്ടിവന്നു.

അപ്പോഴും തിരുവനന്തപുരം വിടാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. കോട്ടയത്തെ ആശുപത്രി അധികൃതരോട് ഞാൻ പറഞ്ഞ ഒറ്റ കാര്യം എനിക്ക് പാർട്ട്ടൈമായി മാത്രമേ വരാൻ കഴിയൂ എന്നാണ്. അങ്ങനെ മൂന്ന് ദിവസം തിരുവനന്തപുരത്തും മൂന്നുദിവസം കോട്ടയത്തുമെന്ന രീതിയിലാണ് കാര്യങ്ങൾ പറഞ്ഞുറപ്പിച്ചത്. പല കാരണങ്ങൾ കൊണ്ട് അത് കോട്ടയത്ത് നാലും തിരുവനന്തപുരത്ത് രണ്ടും എന്ന രീതിയിലായി. ഇപ്പോൾ കോട്ടയത്ത് അഞ്ചും തിരുവനന്തപുരത്ത് രണ്ടുദിവസവും ആണ് എന്റെ പ്രാക്ടീസ്.

ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യേണ്ടി വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. എത്ര ബുദ്ധിമുട്ടിയിട്ടായാലും തിരുവനന്തപുരത്തിന് കൊടുക്കുന്ന ദിവസങ്ങൾ കുറയരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. തിരുവനന്തപുരത്തെ ഞാൻ അത്ര കണ്ടു സ്നേഹിക്കുന്നു.

തിരുവനന്തപുരത്ത് പ്രൊഫഷണൽ ആയിട്ടുള്ള കുറച്ച് നല്ല സുഹൃത്തുക്കളെ ആ കലയളവിൽ ലഭിച്ചു എന്നത് സന്തോഷമുള്ള കാര്യമായിരുന്നു. ഡോ. പ്രവീൺ, ഡോ.രെണു, ഡോ. അജിത്ത്, ഡോ. മധു, ഡോ.രഞ്ജിത്ത് ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു അവർ. പലരും ചെയ്യാൻ വിമുഖത കാണിക്കുന്ന വ്യത്യസ്തമായ പല പ്രവർത്തനങ്ങളും വളരെ കാര്യക്ഷമമായി ചെയ്തു തീർക്കാൻ കഴിഞ്ഞത് ഈ പറഞ്ഞ സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയായിരുന്നു. മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരെ കൂടാതെ തിരുവനന്തപുരത്ത് ഞാൻ താമസിച്ചിരുന്ന 'മേപ്പിൾ ഹൈറ്റ്സ് 'എന്ന ഫ്ലാറ്റിലെ സുഹൃത്തുക്കളും എന്റെ അഭ്യുദയകാംക്ഷികളായിരുന്നു.

ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വ്യക്തിത്വമാണ് പ്രൊഫസർ ടി.കെ പത്മനാഭൻ സാർ. പത്മനാഭൻ സാറിനെ എനിക്ക് അമൃതയിലെ പഠനകാലം മുതലേ അറിയാം. ഒരു മെഡിക്കൽ ഓൺകോളജിസ്റ്റായ ഞാൻ ഗുരുതുല്യനായി കാണുന്നത് സീനിയർ റേഡിയേഷൻ ഓൺകോളജിസ്റ്റായ പത്മനാഭൻ സാറിനെയായിരുന്നു. എന്റെ മൂന്നുമാസത്തെ റേഡിയേഷൻ ഓൺകോളജി ട്രെയിനിങ്ങിൽ ഒരുമാസം പത്മനാഭൻ സാറിന്റെ കൂടെയായിരുന്നു. സാറിന്റെ കൂടെ നിന്ന ആ ഒരു മാസക്കാലമാണ് ഓൺകോളജിയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചത്. ഞാൻ തിരുവനന്തപുരത്തേക്ക് വരുന്നതിന് ഏകദേശം ഒരു മാസം മുൻപാണ് സാറും തിരുവനന്തപുരത്തേക്കു വരുന്നത്. കുടുംബവും ബന്ധുക്കളും തിരുവനന്തപുരത്തായതു കൊണ്ട് സാറ് കിംസിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചു. ഞാനും സാറും തമ്മിൽ ഏകദേശം 40 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും പ്രായത്തിന്റെയോ സീനിയോറിറ്റിയുടെയോ വലിപ്പം ഒരിക്കലും കാണിക്കാറില്ല. സ്വന്തം മകനെ പോലെയോ ഒരു സുഹൃത്തിനെ പോലെയോ ഒക്കെയാണ് സാറെന്നെ പരിഗണിച്ചിട്ടുള്ളത്. പാഠപുസ്തകങ്ങൾക്കും ക്ലിനിക്കൽ ട്രെയിനുകൾക്കും മുകളിൽ ഒരു ഓൺകോളജി ഡോക്ടർ എങ്ങനെയായിരിക്കണമെന്ന് പഠിപ്പിച്ചു തന്നിട്ടുള്ള ഒരു മഹാ വ്യക്തിത്വമാണ് അദ്ദേഹം. ഞാനിന്നും ഓർക്കുന്നത് 'Whom not to treat' എന്ന അദ്ദേഹം പഠിപ്പിച്ച ഒരു ആപ്തവാക്യമാണ്. ക്യാൻസർ ചികിത്സയിൽ വളരെ പ്രാധാന്യമുള്ള - ആരെ ചികിത്സിക്കരുതെന്നും, എപ്പോൾ എവിടെ വെച്ച് എന്തുകൊണ്ട് ചികിത്സ നിർത്തണമെന്നും എന്നെ പഠിപ്പിച്ചു തന്നത് സാറായിരുന്നു. സാറിന്റെ കൂടെ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സാധിച്ചത് ദൈവാനുഗ്രഹമായി ഞാൻ കാണുന്നു.

തിരുവനന്തപുരത്ത് അഞ്ചുവർഷം പൂർത്തിയായ സമയത്താണ് ഡോ.ചെറിയാൻ തമ്പി എന്റെ ജൂനിയറായി വരുന്നത്. ഒരു സഹപ്രവർത്തകനേക്കാളും സഹോദരതുല്യമായ ബന്ധമായിരുന്നു ചെറിയാനുമായി എനിക്ക് ഉണ്ടായിരുന്നത്. ചെറിയാൻ വന്നതിന് ശേഷം ക്ലിനിക്കൽ ജോലികളുടെ പ്രവർത്തനം കൂട്ടുവാനും, മറ്റ് പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനും എനിക്കായി. ഏകദേശം അഞ്ചുവർഷത്തിൽ കൂടുതൽ ഞങ്ങളൊരുമിച്ച് ജോലി ചെയ്തു.

അതുപോലെ മറക്കുവാൻ കഴിയാത്ത രണ്ട് വ്യക്തിത്വങ്ങളാണ് അച്ചു ബ്രദറും ആതിര സിസ്റ്ററും. ഒരു പതിറ്റാണ്ടിലേറെ കാലം അവർ എന്റെ കൂടെ ജോലി ചെയ്തു. ഏതൊരു കാര്യവും ഞാൻ മനസ്സിൽ ചിന്തിക്കുന്ന മാത്രയിൽ തന്നെ ഇമ്പ്ലിമെന്റ് ചെയ്യാനുള്ള പ്രാപ്തിയും സന്നദ്ധതയും അവർക്കുണ്ടായിരുന്നു. ആതിര വിദേശത്തേക്ക് പോയെങ്കിലും അച്ചു ഇപ്പോഴും എന്റെ കൂടെ ജോലി ചെയ്യുന്നു.

മറ്റൊരാൾ എന്റെ സന്തത സഹകാരിയായ മുഹമ്മദ് ഹാഷിമാണ്. ഹാഷിം എന്റെ പേഴ്സണൽ സെക്രട്ടറിയാണെങ്കിലും ഒരു കൊച്ചനുജനെ പോലെയാണ് ഞാൻ കരുതുന്നത്. ഞാൻ കോട്ടയത്ത് ആയിരിക്കുമ്പോൾ തിരുവനന്തപുരത്ത് വേണ്ടിവരുന്ന എല്ലാ കാര്യങ്ങളും; അത് ഹോസ്പിറ്റലുമായി ബന്ധമുള്ളതോ, സംഘടനാപരമായി ചെയ്യേണ്ടതോ ഇനി അതല്ല വ്യക്തിപരമായ കാര്യങ്ങളാണെങ്കിൽ കൂടിയും ഒരു മടിയും കൂടാതെ ചെയ്തുതരുന്ന ഒരാളാണ് ഹാഷിം. ഹാഷിമിനോടുള്ള സ്നേഹവും ഞാൻ രേഖപ്പെടുത്തുകയാണ്.

എടുത്തു പറയേണ്ട മറ്റൊരു വ്യക്തി റീജിയണൽ കാൻസർ സെന്ററിലെ അഡീഷണൽ പ്രൊഫസറായി ജോലി ചെയ്തിരുന്ന ഡോ. ചന്ദ്രമോഹനാണ്. തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെ ഒരു ചടങ്ങിൽ വച്ചാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകാൻ അദ്ദേഹം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. സ്വസ്തി ഫൗണ്ടേഷൻ പോലെയുള്ള സംഘടനകളുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഡോ.ചന്ദ്രമോഹൻ വഹിച്ച പങ്ക് ചെറുതല്ല. ആർ.സി.സി.യിലെ സേവനം പൂർത്തിയാക്കിയതിനു ശേഷം ഇന്നദ്ദേഹം എന്റെ കൂടെ എസ്.പി മെഡിഫോർട്ട് എന്ന ആശുപത്രിയിൽ ജോലി ചെയ്യുന്നു.

ഈ പതിനഞ്ച് വർഷത്തിൽ തിരുവനന്തപുരത്തിന് എനിക്കെന്ത് കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് സ്വകാര്യമേഖലയിൽ 'മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓൺകോളജി' വിഭാഗത്തിന് തുടക്കമിടാൻ കഴിഞ്ഞു എന്നത് തന്നെയാണ്.

സ്വകാര്യമേഖലയിലെ ആദ്യത്തെ സ്റ്റെംസെൽ ട്രാൻസ്പ്ലാന്റ് നടത്താൻ സാധിച്ചു എന്നതിനോടൊപ്പം തിരുവനന്തപുരത്ത് തന്നെ ആദ്യമായി ഒരു പീഡിയാട്രിക് സ്റ്റെംസിൽ ട്രാൻസ്പ്ലാന്റ് നടത്തിയതും എന്റെ നേതൃത്വത്തിൽ ആയിരുന്നു.

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരുന്നു ഓൺകോളജി വിഭാഗവുമായി ബന്ധപ്പെട്ട എല്ലാ ഡോക്ടർമാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സംഘടന കൃഷ്ണൻനായർ സാറുടെ നേതൃത്വത്തിൽ എനിക്ക് രൂപീകരിക്കാൻ സാധിച്ചത്. മെഡിക്കൽ ഓൺകോളജി, സർജിക്കൽ ഓൺകോളജി, റേഡിയേഷൻ ഓൺകോളജി, പത്തോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് കെയർ തുടങ്ങിയ എല്ലാ വിഭാഗം ആരോഗ്യ വിദഗ്ധരും സംഘടനയിൽ പങ്കാളികളായിരുന്നു. സംഘടനയുടെ നേതൃത്വത്തിൽ നിരവധിയായ മീറ്റിങ്ങുകൾ സംഘടിപ്പിക്കുവാൻ എനിക്കു സാധിച്ചു എന്നതിൽ അതീവ ചാരിതാർത്ഥ്യമുണ്ട്.

ആദ്യമായി വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് ലിവർ കാൻസർ ട്യൂമർ ബോർഡിന് രൂപം കൊടുക്കുവാൻ എനിക്ക് സാധിച്ചു. ഇന്ന് ഒരു ദശാബ്ദത്തിന് ശേഷം പല ആശുപത്രികളിലും രൂപീകൃതമായ ആ സംവിധാനത്തിന്റെ ആദ്യ രൂപത്തിന് നേതൃത്വം കൊടുക്കാനായത് വളരെ സന്തോഷം തരുന്ന കാര്യമാണ്.

തിരുവനന്തപുരത്തെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രികളിൽ മെഡിക്കൽ ഓൺകോളജി വിഭാഗം തുടങ്ങുവാനുള്ള ഒരു ഭാഗ്യം കൂടി എനിക്കുണ്ടായി. അതുപോലെതന്നെ കഴിഞ്ഞവർഷം തിരുവനന്തപുരം ഓൺകോളജി ക്ലബ്ബിന്റെയും, ആമ്പോക്കിന്റെയും (Ampok) നേതൃത്വത്തിൽ തിരുവനന്തപുരത്ത് കേരള ക്യാൻസർ കോൺക്ലെവ് (Kerala Cancer Conclave) വിജയകരമായി നടത്തുവാനും എനിക്ക് സാധിച്ചു. അതിലെ ഇൻപുട്ട്സ് അടുത്ത് വരുന്ന U. I. C. C ( യൂണിയൻ ഫോർ ഇന്റർനാഷണൽ ക്യാൻസർ കൺട്രോൾ) യിൽ പഠനത്തിന് സമർപ്പിക്കുന്ന വിവരവും ഞാൻ സന്തോഷപൂർവ്വം രേഖപ്പെടുത്തുന്നു.

ഈ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ ഒരുപാട് രോഗികളുടെ സ്നേഹവും, വിശ്വാസവും നേടിയെടുക്കാനുമുള്ള ഭാഗ്യം ലഭിച്ചത് തിരുവനന്തപുരത്ത് ഇൻഡിപെൻഡൻഡായിട്ടുള്ള പ്രൊഫഷണൽ കരിയർ തുടങ്ങിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ കോട്ടയത്തും ചങ്ങനാശ്ശേരിയിലും തിരുവനന്തപുരത്തും ജോലി ചെയ്യുന്നതുകൊണ്ടു തന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള ഒരുപാട് രോഗികൾക്ക് നല്ല ചികിത്സ കൊടുക്കുവാൻ സാധിക്കുന്നതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്.

കോട്ടയം എനിക്ക് പെറ്റമ്മയാണെങ്കിൽ തിരുവനന്തപുരം എനിക്ക് പോറ്റമ്മയെ പോലെയാണ്. ജന്മംകൊണ്ട് കോട്ടയംകാരനാണെങ്കിലും കർമ്മം കൊണ്ട് ഞാൻ പാതിതിരുവനന്തപുരത്തുകാരനും കൂടിയാണ്.

ഈ കാലയളവിൽ എനിക്ക് നിങ്ങൾ തന്ന നിസ്സീമമായ സ്നേഹത്തിനും സഹകരണത്തിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു..

ഡോ. ബോബൻ തോമസ്.

Thanking the Almighty for the gift of another year and for the joy of celebrating my birthday with Acha, Amma, Vinaya, a...
10/07/2026

Thanking the Almighty for the gift of another year and for the joy of celebrating my birthday with Acha, Amma, Vinaya, and kids.

Grateful for all the birthday wishes, prayers, and blessings. Thank you all!

07/07/2026

Life an introspection :

In medical school, success was getting into residency.

In residency, success was becoming a specialist.

As a young consultant, success was earning respect, building a practice, and making a name for myself.

In academics, success was publishing papers, speaking at conferences, and becoming a professor.

At every stage, I was chasing the next destination.

The next degree.

The next promotion.

The next achievement.

The next title.

And every time I arrived, the horizon moved a little farther away.

For years, I believed fulfillment was waiting at the next milestone.

But one day I realized:

Medicine has no finish line.

There is no final award that makes you feel complete.

No designation that silences all doubt.

No accomplishment that finally lets you say,

"Now I have arrived."

If I could go back and speak to my younger self, I would tell him:

Slow down.

You're missing the best parts.

The patient who folded his hands with tears in his eyes because you gave him hope when everyone else had given up.

The mother who smiled after hearing her child would be okay.

The student who walked into your office unsure of themselves and walked out believing they could become a great doctor.

The resident who called years later just to say,

"Sir, I still remember what you taught me."

The night duties that felt endless but forged lifelong friendships.

The ward rounds filled with laughter despite exhaustion.

The difficult cases that kept you awake at night—and the joy when a patient unexpectedly recovered.

The quiet cup of tea after a hectic emergency shift.

The grateful nod from a patient's family.

The privilege of holding someone's hand during the most vulnerable moment of their life.

Those were never distractions from the journey.

They were the journey.

The degrees gather dust.

The awards fade into cupboards.

The publications become numbers on a CV.

But decades later, what remains are faces.

The patients you healed.

The lives you touched.

The students who became teachers themselves.The people who carry a small part of you into the future.

The milestones will keep changing.

But the moments of compassion, learning, healing, and human connection—those are the things that stay.

And when the white coat is finally hung up for the last time, you won't remember every award you won.

You'll remember the lives that crossed yours.
And you'll realize that success was never about becoming a great doctor.

It was about being present for thousands of small moments that made a difference.
And what a privilege that was.

"One day, you will see that the patients were never just part of your career. They were the story of your life."

( Forwarded message but a True Reality )

ഇന്ന് അമ്മയുടെ എഴുപത്തിയെട്ടാം പിറന്നാൾ ആണ്. അമ്മയെ കുറിച്ച് എന്തെഴുതണം എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ശൂന്യത. അനുഭവങ്...
13/06/2026

ഇന്ന് അമ്മയുടെ എഴുപത്തിയെട്ടാം പിറന്നാൾ ആണ്. അമ്മയെ കുറിച്ച് എന്തെഴുതണം എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ശൂന്യത.

അനുഭവങ്ങളുടെ മഹാസമുദ്രം ചിലപ്പോൾ മനസ്സിലൊരു ശൂന്യത സൃഷ്ടിക്കും. എവിടെ തുടങ്ങണം.. എവിടെ അവസാനിപ്പിക്കണം.. എന്നറിയാതെ.!

അത്രയും എഴുതാനും, പറയാനും മനസ്സിലുണ്ട്.

ഒരു കാര്യം പറയാം. എന്നെ ഞാനാക്കിയതിൽ വളരെ നിർണായകമായ പങ്ക് വഹിച്ച വ്യക്തി എന്റെ അമ്മയാണ്. ഒരുപക്ഷേ ഈ ലോകത്ത് ഭൂരിഭാഗം പേർക്കും അങ്ങനെ തന്നെയായിരിക്കും.

എന്നാൽ നമ്മുടെ അനുഭവങ്ങൾ നമ്മുടേത് മാത്രമല്ലേ.

ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നേർവഴിക്ക് നയിക്കാനും അമ്മ ഉണ്ടായിട്ടുണ്ട്.

പ്രായമോ കാലമോ അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. ഇന്നും..

ഇന്നും അമ്മയ്ക്ക് നമ്മൾ ബാല്യം വിടാത്ത ആ പഴയ കുഞ്ഞ് തന്നെയാണ്.

ഈ എഴുപത്തി എട്ടാം വയസ്സിലും പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ആശുപത്രിയിൽനിന്ന് വീട്ടിലെത്തുമ്പോൾ സ്നേഹ വാത്സല്യത്തോടെ അമ്മ ഇപ്പോഴും ചോദിക്കും.

"എടാ കാപ്പി കുടിച്ചോ.?
നിനക്ക് കാപ്പി എടുക്കട്ടെ.?"
എന്ന്.

ശാരീരിക അവശതകൾ അവഗണിച്ച്‌ കഴിക്കുവാനും എന്തെങ്കിലുമൊക്കെ അമ്മ ഉണ്ടാക്കിവയ്ക്കും. വർഷങ്ങൾക്കു മുമ്പ് സ്കൂളിൽനിന്ന് വരുമ്പോൾ തരുന്ന അതേ സ്നേഹവും ലാളനയും അതിന് ഇപ്പോഴുമുണ്ട്.

അമ്മയ്ക്ക് ഏകദേശം 30 വയസ്സുള്ളപ്പോഴാണ് ഞാൻ ജനിക്കുന്നത്. മൂന്ന് വയസ്സ് മുതൽ കൃത്യമായി പറഞ്ഞാൽ പ്രീനഴ്സറി കാലഘട്ടം മുതലുള്ള അമ്മയോടൊത്തുള്ള അനുഭവങ്ങൾ ഓർമ്മകളായി ഇന്നും എന്റെ മനസ്സിലുണ്ട്.

ഒരു കാര്യത്തിൽ മാത്രം സർവ്വേശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു..

ഈ 78 വയസ്സിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാതെ ഞങ്ങടെ അമ്മയെ ഞങ്ങളുടെ കൂടെ തന്നതിന് നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു..

ഡോ.ബോബൻ തോമസ്.

08/06/2026

പശ്ചിമേഷ്യൻ സംഘർഷം 100 നാൾ പിന്നിടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചിട്ടുണ്ട്.

അടുക്കളയിലെ പാചകവാതക പ്രതിസന്ധി മുതൽ അർബുദം പോലെ ക്രിട്ടിക്കൽ ചികിത്സാമേഖലയിലെ ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യതയെ വരെ അത് ബാധിച്ചിരിക്കുന്നു.

അന്താരാഷ്ട്ര മാർക്കറ്റിൽ മരുന്ന് ഉൽപാദനത്തിനുള്ള ഘടക പദാർത്ഥങ്ങളുടെ വില പല മടങ്ങ് വർദ്ധിച്ചത് ഇറക്കുമതിയെ സാരമായി ബാധിക്കുകയും മരുന്ന് നിർമ്മാണ മേഖലയെ സ്തംഭിപ്പിക്കുകയും ചെയ്തു.

അർബുദ രോഗികളിൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ആദ്യ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും, ഗുരുതര ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾക്കും ഇപ്പോൾ പല ആശുപത്രികളിലും കടുത്ത ക്ഷാമമാണ്. ആർ.സി.സി പോലെയുള്ള വലിയ ആശുപത്രികളിൽ കൂടിയ വിലക്ക് മരുന്ന് വാങ്ങിച്ചാണ് പ്രതിസന്ധി ഒരു പരിധി വരെ പരിഹരിച്ച് നിർത്തിയിരുന്നത്.

സ്തന-അണ്ഡാശയ-ശ്വാസകോശ അർബുദങ്ങൾക്കും ജെംസെൽ അടക്കമുള്ള ട്യൂമറുകൾക്കും ഉപയോഗിക്കുന്ന കാർബോപ്ലാറ്റിൻ മരുന്നുകൾക്കാണ് കടുത്ത ക്ഷാമം നേരിടുന്നത്. ഇതിനുള്ള ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻസ് പ്രധാനമായും ജർമ്മനി മുതലായ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിയുകയും വില ക്രമാതീതമായി കൂടുകയും ചെയ്തു.

പ്ലാറ്റിനം ബേസ്ഡ് മരുന്നുകളായ സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ എന്നീ മരുന്നുകൾക്കാണ് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. സിസ്പ്ലാറ്റിനെ അപേക്ഷിച്ച്‌ കാർബോപ്ലാറ്റിന്റെ ഉപയോഗം വളരെ കൂടുതലായതിനാൽ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കാർബോപ്ലാറ്റിൻ എന്ന മരുന്നിനാണ്.

ജീവൻ രക്ഷാ മരുന്നുകൾ ആയതിനാൽ ഈ മരുന്നുകളുടെ വില വർദ്ധിപ്പിക്കുന്നതിൽ ഗവൺമെന്റിന്റെ നിയന്ത്രണമുണ്ട്. ഒരു കോഴ്സ് മരുന്നിന് ഇപ്പോഴത്തെ വില അനുസരിച്ച് 4000 മുതൽ 5000 രൂപ വരെയാണ് ചിലവ്.

ഇപ്പോഴത്തെ മരുന്ന് നിർമ്മാണത്തിനുള്ള ചിലവ് കണക്കാക്കുമ്പോൾ അതിന്റെ മാക്സിമം റിട്ടെയിൽ പ്രൈസിൽ വിറ്റാലും അവശ്യമായ ലാഭമില്ലെന്നാണ് കമ്പനികളുടെ വിശദീകരണം. വില കൂട്ടുന്നതിനായി മനപ്പൂർവ്വം പൂഴ്ത്തിവെച്ച് കമ്പനികൾ കൃത്രിമമായി ക്ഷാമം സൃഷ്ടിക്കുന്നതാണോ എന്നും ചില ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ഫൈസർ അടക്കമുള്ള കമ്പനികളുമായി ചർച്ച നടത്തി. 50% ത്തോളം വില വർദ്ധനവാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.

ഘടക പദാർത്ഥങ്ങളുടെ ഇറക്കുമതി കൂട്ടാനും, മിതമായി വില ഉയർത്തി ക്ഷാമം പരിഹരിക്കാനും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.

ബോബൻ തോമസ്.

VIDEO CREDITS : Asianet News

ശ്രീ വി ഡി സതീശനും എന്റെ അപ്പാപ്പനും!പത്ര-ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ പുതിയ മുഖ്യമന്ത്രി ശ്രീ വി ഡി സത...
22/05/2026

ശ്രീ വി ഡി സതീശനും എന്റെ അപ്പാപ്പനും!

പത്ര-ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ പുതിയ മുഖ്യമന്ത്രി ശ്രീ വി ഡി സതീശനെ കുറിച്ചുള്ള വാർത്തകളാണ്. അദ്ദേഹത്തെക്കുറിച്ച് എന്ത് എഴുതണം എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അച്ചയുടെ ഇളയ സഹോദരനായ ജോസ് തോമസിന്റെ കാര്യം മനസ്സിലേക്ക് വരുന്നത്.

രാഷ്ട്രീയത്തെ വളരെ സീരിയസ് ആയി കാണുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. എന്റെ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ (അച്ചയുടെ മുത്തച്ഛൻ) നീണ്ടൂർ പഞ്ചായത്ത് അംഗവും അവിടുത്തെ കോൺഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു. നീണ്ടൂർ പഞ്ചായത്തിലെ സജീവമായ രാഷ്ട്രീയ ചർച്ചകൾ നടന്നിരുന്നത് ഞങ്ങളുടെ വീടിനോട് ചേർന്നുള്ള പടിപ്പുരയിലായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

അതു കൊണ്ട് 'പടിപ്പുര വീട്' എന്നും 'പടിപ്പുര കോൺഗ്രസ്' എന്നുമുള്ള വിശേഷണങ്ങൾ ഞങ്ങളുടെ വീടിനെക്കുറിച്ച് അന്ന് നിലവിലുണ്ടായിരുന്നു.

ആ ഒരു കാലഘട്ടം കഴിഞ്ഞ് എത്രയോ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ കാരിത്താസ് ആശുപത്രിയിൽ ജോയിൻ ചെയ്യുന്നത്. ആ തലമുറയിൽ ഉണ്ടായിരുന്ന ചിലരെങ്കിലും ആശുപത്രിയിൽ എന്നെ കാണാൻ വരുമ്പോൾ പടിപ്പുര വീട്ടിലെ കുട്ടിയല്ലേ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ പടിപ്പുര വീടെന്ന പേരിന് നാട്ടിൽ എത്രത്തോളം സ്വാധീനം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തെ വളരെ സീരിയസ് ആയി കാണുന്നത് കൊണ്ടാണോ എന്നറിയില്ല അച്ചയും അച്ചയുടെ സഹോദരന്മാരും എന്റെ സഹോദരന്മാരും കസിൻസുമൊക്കെ കൂടിച്ചേരുന്ന വീട്ടിലെ സദസ്സുകളിൽ ഞങ്ങൾ സജീവമായി സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചർച്ച ചെയ്യാറുണ്ട്.

വി ഡി സതീശൻ എന്ന രാഷ്ട്രീയക്കാരനെ കുറിച്ച് ഞങ്ങൾ ആദ്യമായി കേൾക്കുന്നത് 2021ലെ ഇലക്ഷന് ശേഷമാണ്. അദ്ദേഹം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അപ്പാപ്പനാണ് തങ്ങൾ ഒരുമിച്ച് തേവര കോളേജിൽ ഉണ്ടായിരുന്ന വിവരം പറയുന്നത്. തേവര എസ് എച്ച് കോളേജിൽ വി.ഡി.എസ് ഡിഗ്രിക്ക് പഠിക്കുമ്പോൾ അപ്പാപ്പൻ എം.എക്ക് അവിടെയുണ്ടായിരുന്നു.

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിൽ ഇലക്ഷനിൽ ശ്രീ സതീശൻ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ച ഒരാൾ അപ്പാപ്പനായിരുന്നു. ആ കാലഘട്ടത്തിൽ അപ്പാപ്പൻ കെ.എസ്‌.യുവിന്റെ സജീവ പ്രവർത്തകനും യൂണിറ്റ് ഭാരവാഹിയുമായിരുന്നു.

കാലം ഏറെ കടന്നുപോയി. ഓരോ ഇലക്ഷനിലും വി.ഡി.എസ് വിജയിക്കുമ്പോൾ പഴയ ഓർമ്മകൾ ഞങ്ങൾക്ക് മുൻപിൽ അപ്പാപ്പൻ ഓർത്തെടുക്കും. കോളേജ് കാലഘട്ടം കഴിഞ്ഞതോടെ അവർ തമ്മിലുള്ള ബന്ധം നിലച്ചു.

കാലങ്ങൾക്കിപ്പുറം 2024 ലോക്സഭാ ഇലക്ഷന് മുൻപാണ് വി.ഡി.എസി നെ നേരിട്ട് കാണുവാനുള്ള അവസരം ലഭിച്ചത്. അദ്ദേഹം കോട്ടയത്ത് ഇലക്ഷൻ പ്രചരണത്തിന് വന്നപ്പോൾ തിരുവനന്തപുരത്തുള്ള എന്റെ ചില ബന്ധങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്ക് അദ്ദേഹത്തെ കാണുവാനുള്ള ഒരു അപ്പോയിന്റ്മെന്റ് തരപ്പെട്ടു. അപ്പാപ്പനും എന്റെ അനുജനും അന്ന് കൂടെ ഉണ്ടായിരുന്നു. സന്തോഷവും ആശ്ചര്യവും തന്ന ഒരു കൂടിക്കാഴ്ചയായിരുന്നു അത്.

"എന്നെ എവിടെയെങ്കിലും കണ്ട ഓർമ്മയുണ്ടോ.!?"

മുറിയിലേക്ക് കയറിയപ്പോൾ തന്നെ അപ്പാപ്പൻ ചോദിച്ചു.

ഏകദേശം 42 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അത്രയും ദീർഘകാലത്തിനിപ്പുറം തിരിച്ചറിയുമെന്ന് വലിയ പ്രതീക്ഷയില്ല. ഒരു നിമിഷം മുഖത്തേക്ക് നോക്കി പുഞ്ചിരിയോടെ അദ്ദേഹം മറുപടി പറഞ്ഞു.

"പേരോർക്കുന്നില്ല. എസ് എച്ച് തേവരയല്ലേ.!? "

ഞങ്ങളെല്ലാവരും സ്‌തബ്ധരായി പോയി. ഇത്ര വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് മെമ്മറിയിൽ എവിടെയോ അപ്പാപ്പനുണ്ട്. തിരക്കുകൾ ഉണ്ടായിട്ടും ഏകദേശം 20 മിനിറ്റോളം ഞങ്ങളുമായി അദ്ദേഹം ചിലവഴിച്ചു. കുശലം പറഞ്ഞു. രാഷ്ട്രീയം ചർച്ച ചെയ്തു.

അതിനുശേഷം തിരുവനന്തപുരത്തേക്കുള്ള എന്റെ യാത്രയിൽ പലപ്പോഴും അദ്ദേഹത്തെ ട്രെയിനിൽ വെച്ച് കാണാനും ബന്ധം പുതുക്കാനും സാധിച്ചിട്ടുണ്ട്. കാണുമ്പോഴെല്ലാം അപ്പാപ്പനെയും, സഹോദരങ്ങളെയും കുറിച്ച്‌ സ്നേഹാന്വേഷണങ്ങൾ ചോദിക്കും. അദ്ദേഹവുമായിട്ടുള്ള ഒരു യാത്ര അനുഭവത്തെക്കുറിച്ച് മുൻപ് ഞാനൊരു കുറിപ്പായി എഴുതിയിട്ടുമുണ്ട്.

2026 ഇലക്ഷൻ പ്രചരണത്തിന്റെ മൂർധന്യാവസ്ഥയിൽ അപ്പാപ്പൻ പറഞ്ഞതനുസരിച്ച് പറവൂരിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഏകദേശം രാത്രി എട്ടരയോടെ ഞങ്ങൾ എത്തി. ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു ലക്ഷ്യം. അന്നദ്ദേഹം ഒരു റോഡ്ഷോ കഴിഞ്ഞ് 9 മണിയോടെ വീട്ടിലേക്ക് എത്തുകയും ഞങ്ങളെ മുറിയിലേക്ക് ക്ഷണിച്ച്‌ കുറച്ചു നേരം ഞങ്ങളോടൊപ്പം പങ്കിടുകയും ചെയ്തു.

ഞങ്ങൾ വന്ന സമയത്ത് അധികമാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതോടെ ജനങ്ങളെ കൊണ്ട് അവിടമാകെ നിറഞ്ഞു.

ഈ നിയമസഭാ തെരഞ്ഞെടുപ്പ് റിസൽട്ട് ഞങ്ങൾ ഒരുമിച്ചാണ് ടിവിയിൽ കണ്ടത്. ശ്രീ വി ഡി സതീശൻ ജയിച്ചപ്പോൾ അപ്പാപ്പൻ വളരെയധികം സന്തോഷവാനായിരുന്നു. മുൻ നിശ്ചയിച്ച പ്രകാരം ആറാം തീയതി അപ്പാപ്പന് അമേരിക്കയിലേക്ക് പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ മകളും കുടുംബവും അവിടെയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളും അനിശ്ചിതത്വവും വാർത്താമാധ്യമങ്ങളിൽ നിറയുമ്പോൾ അദ്ദേഹത്തിന് വലിയ ടെൻഷൻ ആയിരുന്നു. ഇടയ്ക്ക് എന്നെ വിളിക്കും. എന്താകും കാര്യങ്ങൾ എന്ന് അന്വേഷിക്കും.

പലപ്പോഴും ടൈംസോണിന്റെ വലിയ വ്യത്യാസമുള്ളതുകൊണ്ട് പാതിരാത്രിയിലൊക്കെയാണ് വിളിക്കുന്നത്. ഇത്രമാത്രം ടെൻഷൻ എടുക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പോലും ഞങ്ങൾക്ക് ആശങ്ക ഉണ്ടായിരുന്നു.

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ അപ്പാപ്പന് വളരെയധികം സന്തോഷമായി. ആ സമയത്താണ് ജയ്ഹിന്ദ് ചാനലിലോ മറ്റോ വന്ന ഒരു ഫോട്ടോഗ്രാഫിൽ അദ്ദേഹത്തിന്റെ തലയും, വി. ഡി. എസിന്റെ തലയും മാർക്ക്‌ ചെയ്ത് എനിക്ക് അയക്കുന്നത്.

1982 ഇലക്ഷൻ വിജയത്തിന് ശേഷം നടത്തിയ വിജയാഘോഷത്തിന്റെ ഫോട്ടോഗ്രാഫ് ആയിരുന്നു അത്. 1982 ഇലക്ഷനിൽ വി.ഡി.എസിന്റെ പ്രധാനപ്പെട്ട പ്രചാരകനായി അദ്ദേഹത്തെ വിജയിപ്പിച്ച അപ്പാപ്പന് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.എസ് അവരോധിക്കപ്പെടുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.

യു.എസിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം അദ്ദേഹത്തെ തിരുവനന്തപുരത്ത് ക്ലിഫ് ഹൌസിൽ പോയി കാണണമെന്നാണ് അപ്പാപ്പന്റെ അടുത്ത ഏറ്റവും വലിയ ആഗ്രഹം. അധികം വൈകാതെ തന്നെ അത് സാധിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു..

ബോബൻ തോമസ്.

10/05/2026

2 years of Medical Oncology Department at SP Medifort

'പവിത്രൻ സാറിനെ' ഓർക്കുമ്പോൾ...എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ഏത് അസുഖത്തെ ചികിത്സിക്കാനാണോ എന്നെ പഠിപ്പിച്ചത് അതേ രോഗം തന്...
29/04/2026

'പവിത്രൻ സാറിനെ' ഓർക്കുമ്പോൾ...

എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ഏത് അസുഖത്തെ ചികിത്സിക്കാനാണോ എന്നെ പഠിപ്പിച്ചത് അതേ രോഗം തന്നെ അദ്ദേഹത്തിന്റെ ജീവനെടുക്കുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രം കഴിയുന്ന ഒരു വിദ്യാർത്ഥിയുടെ അവസ്ഥയാണ് എനിക്കിപ്പോൾ.

രണ്ട് ദശാബ്ദക്കാലത്തെ അടുപ്പം സാറുമായി എനിക്കുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2006 ഫെബ്രുവരി മാസം ഓൺകോളജി ട്രെയിനിങ്ങിന് ചേരുവാൻ വേണ്ടി ഇന്റർവ്യൂ കൊടുക്കാൻ പോയപ്പോഴാണ് ഞാൻ പവിത്രൻ സാറിനെ പരിചയപ്പെടുന്നത്.

ഓൺകോളജിയിൽ സാറിന്റെ ആദ്യത്തെ വിദ്യാർഥിയായി അമൃതയിൽ ഞാൻ ജോയിൻ ചെയ്തപ്പോൾ തുടങ്ങിയതാണ് ആ ആത്മബന്ധം.

ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇന്റലിജന്റായ ഓൺകോളജിസ്റ്റും അധ്യാപകനുമായിരുന്നു പവിത്രൻ സാർ. അറിവിന്റെ കാര്യത്തിൽ ഇത്രത്തോളം ഉന്നതിയിലുള്ള ആളായിരുന്നിട്ടും മറ്റൊരാൾക്കും സാധിക്കാത്ത എളിമയും വിനയവുമായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

കേവലം പുസ്തകത്തിലുള്ള അറിവ് മാത്രമല്ല സാറ് പകർന്നു തന്നത്. അതിലുപരിയായി ഒരു ഡോക്ടർ എന്ന നിലയിലുള്ള മഹനീയമായ മാതൃകകൾ കൂടി അദ്ദേഹം കാണിച്ചു തന്നു. രോഗികളോടുള്ള അദ്ദേഹത്തിന്റെ സമീപനം താരതമ്യങ്ങൾക്ക് അതീതമായിരുന്നു.

പവിത്രൻ സാർ അധികം സംസാരിക്കുന്ന വ്യക്തിയല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവർക്കും അറിയാം. പലപ്പോഴും അദ്ദേഹത്തിന്റെ കമ്മ്യൂണിക്കേഷൻ ആംഗ്യങ്ങളിലൂടെയോ, മൂളലിലൂടെയോ, പുഞ്ചിരി കലർന്ന ഒരു നോട്ടത്തിലൂടെയോ ഒക്കെയായിരിക്കും. അതിലെല്ലാം വലിയ അർത്ഥതലങ്ങൾ ഉണ്ടെന്ന് ഞങ്ങൾക്കദ്ദേഹം പറയാതെ പറഞ്ഞ് തന്നു. അസാമാന്യനായ അധ്യാപകനായിരുന്ന പവിത്രൻ സാർ എല്ലാ കാര്യത്തിലും തികച്ചും വ്യത്യസ്തനായ ഒരു വഴികാട്ടിയായിരുന്നു.

റൗണ്ട്സിന്റെ കാര്യത്തിൽ സാറിന് അതീവ കണിശത ഉണ്ടായിരുന്നു. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നമ്മളെത്താൻ രണ്ടോ മൂന്നോ മിനിറ്റ് വൈകിയാൽ കാത്ത് നിൽക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ ഡ്യൂട്ടി കൃത്യസമയത്ത് തന്നെ ആരംഭിക്കും. പിന്നെ സാറിനെ കണ്ടുപിടിക്കാൻ നമ്മൾ വാർഡുകൾ തോറും ഓടി നടക്കണം.

പലർക്കും ചിന്തിക്കാൻ പോലും കഴിയാത്തത്ര കൃത്യനിഷ്ഠതയോടെയും വേഗതയോടെയുമാണ് അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്തിരുന്നത്.

അധികം സംസാരിക്കാത്ത..അധികം ഭക്ഷണം കഴിക്കാത്ത..ലൈംലൈറ്റിൽ നിൽക്കാൻ താല്പര്യപ്പെടാത്ത..പവിത്രൻ സാറിന്റെ അക്കാദമിക് ബ്രില്ല്യൻസ് കണ്ട് ഞാനടക്കമുള്ള അദ്ദേഹത്തിന്റെ ഓരോ വിദ്യാർത്ഥിയും തീർച്ചയായും അത്ഭുതപ്പെട്ടിട്ടുണ്ട്. പലപ്പോഴും വളരെ കോംപ്ലിക്കേറ്റഡ് എന്ന് നമ്മൾ വിചാരിക്കുന്ന സിറ്റുവേഷനികളിൽ വളരെ പെട്ടെന്ന് തന്നെ നിസ്സാരമായി സാറ് ഡയഗ്നോസിസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക് ബ്രില്ല്യൻസിനുള്ള തെളിവ്.

സാറിന്റെ പ്രഭാഷണങ്ങളൊന്നും നമുക്ക് അധികമായി ഇന്നത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കാണാൻ കഴിയില്ല. പക്ഷേ സാറിന്റെ ഓരോ വിദ്യാർത്ഥിക്കും, സാറിനോടുകൂടി ജോലി ചെയ്തിട്ടുള്ള ഓരോ വ്യക്തിക്കുമറിയാം ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളമുള്ള സാറിന്റെ അക്കാദമിക പരിജ്ഞാനം.

അദ്ദേഹം ജീവിച്ചിരുന്ന ഒരു എൻസൈക്ലോപീഡിയ തന്നെയായിരുന്നു. മെഡിക്കൽ സംബന്ധമായ ഏതു കാര്യത്തിനും നമുക്ക് ഏത് പാതിരാത്രിക്ക് വേണമെങ്കിലും സാറിനെ വിളിക്കാം. രണ്ടാമത്തെ റിങ്ങിൽ തന്നെ സാറ് ഫോണെടുക്കും. ഒറ്റവാക്കിൽ തന്നെ കാര്യം പറയാൻ പറയും. ചുരുങ്ങിയ വാചകത്തിൽ തന്നെ അതിനുള്ള ഉത്തരവും പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്യും. മറ്റുള്ള വിശേഷങ്ങളൊന്നും തന്നെ അദ്ദേഹം ചോദിക്കാറില്ല.

പലപ്പോഴും സാറിന്റെ കൂടെ ഡ്യൂട്ടി എടുക്കുന്ന സമയത്ത് വെളുപ്പിന് ഒരു മണിക്കോ, രണ്ടു മണിക്കോ ഒക്കെ സംശയങ്ങൾ ചോദിക്കുവാനായി സാറിനെ വിളിച്ച്‌ എഴുന്നേൽപ്പിക്കേണ്ടി വന്നിട്ടുണ്ട്.

പതിവുപോലെ രണ്ടാമത്തെ റിങ്ങിൽ തന്നെ സാറ് ഫോൺ എടുക്കും. ചോദിക്കുന്ന പേഷ്യന്റിനെ കുറിച്ച് സാറ് ചിന്തിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം പ്രോഗ്രാം ചെയ്തു വെച്ച ഒരു കമ്പ്യൂട്ടറിനെ പോലെ പേഷ്യന്റിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും, പ്രശ്നങ്ങളും പറഞ്ഞു തരും.

അത് സാറിന് എങ്ങനെ സാധിക്കുന്നു എന്ന് അന്നും ഇന്നും എന്നെ അത്ഭുതപ്പെടുത്തിയ വിഷയമാണ്. എത്രയോ രോഗികളെ ചികിത്സിക്കുന്ന അദ്ദേഹത്തിന് അത്രയും പെട്ടെന്ന് ഷാർപ്പായിട്ട് ഉത്തരം നൽകാൻ കഴിയണമെങ്കിൽ അത്രയും അർപ്പണ മനോഭാവമുള്ള മെഡിക്കൽ ജീനിയസ് എന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിവരും.

രോഗികളോട് പോലും സാർ അധികം സംസാരിക്കുന്നത് കണ്ടിട്ടില്ല. എന്നിരുന്നാൽ പോലും എല്ലാവർക്കും അദ്ദേഹം വളരെ പ്രിയങ്കരനായിരുന്നു.

ഇന്ന് ഒരുപാട് നേരം സംസാരിച്ചാൽ പോലും ഉടലെടുക്കാൻ പ്രയാസമുള്ള ഒരു ആത്മബന്ധം അദ്ദേഹം ചുരുങ്ങിയ വാക്കുകൾ കൊണ്ടും, നോട്ടം കൊണ്ടും, പുഞ്ചിരി കൊണ്ടും നിമിഷനേരങ്ങൾ കൊണ്ട് സ്വായത്തമാക്കും. ഇന്നും എനിക്ക് ആശ്ചര്യം തോന്നുന്ന ഒരു കാര്യമാണ് അത്.

മരണങ്ങളെ കുറിച്ച് പറയുമ്പോൾ നികത്താനാകാത്ത നഷ്ടമെന്ന് പലരും ഔപചാരികമായി പറയാറുണ്ട്. പക്ഷേ സാറിന്റെ കാര്യത്തിൽ അത് നൂറ് ശതമാനവും സത്യസന്ധമാണ്. ഓൺകോളജി കമ്മ്യൂണിറ്റിയിൽ മാത്രമല്ല മെഡിക്കൽ സയൻസിൽ പോലും നികത്താനാകാത്ത നഷ്ടമാണ് പവിത്രൻ സാർ എന്ന് അടിവരയിട്ട് പറയാൻ കഴിയും.

അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ ലീവ് എടുത്തു എന്നറിഞ്ഞാൽ സാറ് പറയാൻ പോകുന്നത് എന്താണെന്നുള്ളത് എനിക്ക് വ്യക്തമായിട്ട് അറിയാം.

" എന്തിനാടെ വെറുതെ ലീവ് എടുത്തത്.!?. ഈ സമയത്ത് നിനക്ക് അവിടെയിരുന്ന് പേഷ്യൻസിനെകണ്ട് അവരുടെ കാര്യം നോക്കാൻ മേലായിരുന്നോ.!? "

അതായിരുന്നു പവിത്രൻ സാർ...!

ദുഃഖ സ്മരണകളോടെ...
ബോബൻ തോമസ്.

29/04/2026

Address

Trivandrum
Thiruvananthapuram
695044

Alerts

Be the first to know and let us send you an email when Dr. Boben Thomas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr. Boben Thomas:

Shortcuts

Share

Category