10/10/2026
കുട്ടികൾക്ക് എന്ത് മാനസിക സമ്മർദ്ദമാണ് ഉള്ളത്❓ കളിച്ചു നടക്കേണ്ട പ്രായമല്ലേ❓ — നമ്മുടെ സമൂഹത്തിൽ സാധാരണയായി കേൾക്കുന്ന ഒരു ചോദ്യമാണിത്. കാണുന്ന കാഴ്ചകൾക്കും കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾക്കും അപ്പുറത്ത് അവരിൽ ഭയം, ആശങ്ക, വിഷാദം, പഠന പ്രശ്നങ്ങൾ , ഒറ്റപ്പെടൽ തുടങ്ങിയ കനത്ത മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ദശലക്ഷക്കണക്കിന് കുട്ടികൾ നമുക്കിടയിലുണ്ട്.
2026 ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിക്കുമ്പോൾ, അതിജീവിതരുടെ അനുഭവങ്ങൾക്കാണ് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര സമൂഹവും മുൻഗണന നൽകുന്നത്. "അനുഭവങ്ങൾ കേൾക്കാം യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം" എന്ന പ്രമേയം മുമ്പോട്ടുവെക്കുന്നത് . മാനസികാരോഗ്യത്തെക്കുറിച്ചുള്ള കേവല തത്വങ്ങൾക്കും ക്ലിനിക്കൽ ചർച്ചകൾക്കും അപ്പുറം പ്രയാസങ്ങളെ നേരിട്ട് അനുഭവിച്ചറിഞ്ഞവരുടെ പ്രത്യേകിച്ച് കുട്ടികളുടെയും കൗമാരക്കാരുടെയും -ശബ്ദങ്ങൾക്കും ചെവികൊടുക്കാം.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോകത്തെ മൊത്തം കുട്ടികളിലും കൗമാരക്കാരിലും ഏഴിലൊരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് എന്നാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിൽ പകുതിയും ആരംഭിക്കുന്നത് 14 വയസ്സിന് മുൻപാണ്. എന്നാൽ, ഭൂരിഭാഗം കേസുകളിലും ഇവ കൃത്യസമയത്ത് തിരിച്ചറിയപ്പെടാതെ പോകുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നുണ്ട്.
അക്കാദമിക് മാർക്കുകളും റാങ്കുകളും അടിസ്ഥാനമാക്കി കുട്ടികൾക്ക് മൂല്യവും നിർണ്ണയിക്കപ്പെടുന്ന മാതാപിതാക്കളും അധ്യാപകരും അടക്കമുള്ളവരുടെ തെറ്റായ പ്രവണത കുട്ടികളിൽ കടുത്ത ഉത്കണ്ഠയും ഭയവും ഉണ്ടാക്കുന്നുണ്ട്. കാലക്രമേണ വന്ന ടെക്നോളജിയുടെ വളർച്ചയും ഇതിന് കാരണമാകുന്നത്. സോഷ്യൽ മീഡിയയുടെ അമിതോപയോഗം, സൈബർ ബുള്ളിംങ് , മറ്റുള്ളവരുമായുള്ള അനാവശ്യ താരതമ്യങ്ങൾ എന്നിവ കുട്ടികളിൽ അപകർഷതാബോധവും വിഷാദവും ഉണ്ടാക്കുന്നു.
കുടുംബത്തിലെ അസ്വസ്ഥതകൾ, മാതാപിതാക്കളുടെ വേർപിരിയൽ, കുട്ടികളോടുള്ള മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങൾ എന്നിവ കുട്ടികളുടെ വൈകാരിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്നു. ശ്രദ്ധക്കുറവും അമിത വികൃതി ( ADHD ) നാഡീവ്യൂഹപരമായ വ്യത്യസ്തതകൾ ഉള്ള കുട്ടികളെ "അടക്കമില്ലാത്തവർ" അല്ലെങ്കിൽ "ബുദ്ധിയില്ലാത്തവർ" എന്ന് മുദ്രകുത്തുന്നത് അവരുടെ മാനസിക നില കൂടുതൽ തകരാറിലാക്കും .
കാലങ്ങളായി മാനസികാരോഗ്യ പ്രശ്നങ്ങളെ ഭയത്തോടെയും സംശയത്തോടെയും കുടുംബക്കാര് പോലും അറിയാതെ ഒളിച്ചുവെക്കേണ്ട ഒന്നായാണ് സമൂഹം കണ്ടിരുന്നത്. കുട്ടികളുടെ കാര്യത്തിൽ ഇത് കൂടുതൽ അപകടകരമാണ്. ഈ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
Jayesh K G
Psychologist