10/14/2026
എന്റെ പ്രിയനേ, ദുദായിപ്പഴം സുഗന്ധം വീശുന്നു!
ക്രിസ്തുവുമായുള്ള ആത്മബന്ധത്തിന്റെ പ്രതീകാത്മകമായ കാവ്യാവിഷ്കാരമാണ് ഉത്തമഗീതം.
'ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കല് എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.'
ഉത്തമഗീതം 7 : 13
മണവാളൻ ക്രിസ്തുവും മണവാട്ടി സഭയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ സ്നിഗ്ദ്ധ ഭാവം വെളിപ്പെടുത്തുന്ന മനോഹരമായ വാക്കുകളാണ് ഇത്. നമ്മൾ ചോദിച്ചതിലും ആഗ്രഹിച്ചതിലും അതിലപ്പുറവും നമുക്ക് സമൃദ്ധിയായി നൽകിയ കർത്താവിന് ആത്മാവിന്റെ ഫലങ്ങളും വിശ്വസ്തതയും പകരം നൽകുവാനുള്ള ആഹ്വാനമാണ് ഈ വേദഭാഗം. ഈ തിരുവചനത്തിന്റെ ചില ആത്മീയ മർമ്മങ്ങളെപ്പറ്റി നമുക്ക് ചിന്തിക്കാം.
1: ക്രിസ്തുവിലുള്ള സമർപ്പിത ജീവിതം സുഗന്ധം പരത്തുന്നതാണ്.
ഉത്തമഗീതം 7:13a – “ദൂദായിപ്പഴം സുഗന്ധം വീശുന്നു...”
ക്രിസ്തു കേന്ദ്രീകൃതമായ ഒരു സമർപ്പിത ജീവിതത്തിന്റെ സുഗന്ധമാണ് മണവാട്ടി സഭ ക്രിസ്തുവിന് നൽകേണ്ടത്.
ഹൃദയപൂർവ്വം നമ്മെ ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നതിനേക്കാൾ വലിയ വഴിപാടില്ല. ഇതാണ് ദൈവം ഇഷ്ടപ്പെടുന്ന സൗരഭ്യധുപം.
'രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള് ദൈവത്തിനു ക്രിസ്തുവിന്റെ പരിമളമാണ്.'
2 കോറി. 2 : 15
നമ്മിലെ ക്രിസ്തു സാന്നിധ്യത്തിന്റെ സൗരഭ്യത്താൽ കുടുംബത്തിലെയും സഭയിലെയും സമൂഹത്തിലെയും, അന്തരീക്ഷം സൗരഭ്യപൂർണ്ണമാക്കുവാൻ നമുക്ക് കഴിയും.
ദൂദായിപ്പഴം സുഗന്ധം വീശുന്നു...
2. സമർപ്പണത്തിന്റെ ഫലങ്ങളെ പ്പറ്റി ഈ വേദഭാഗത്തു മണവാട്ടി പറയുന്നത് ശ്രദ്ധേയമാണ്
7:13b – “നമ്മുടെ വാതിൽക്കൽ എല്ലാ വിശിഷ്ടഫലങ്ങളും ഉണ്ട്...” എന്നാണ് മണവാട്ടി പറയുന്നത്.
എന്തൊക്കെയാണ് പ്രിയന് വേണ്ടി നമ്മൾ ഹൃദയത്തിൽ ഒരുക്കുന്ന വിശിഷ്ട ഫലങ്ങൾ?
' അത് ആത്മാവിന്റെ ഫലങ്ങള്ളായ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,
സൗമ്യത, ആത്മസംയമനം എന്നിവയാണ്. '
ഗലാ. 5 : 22-23
അതെ, പ്രിയനു വേണ്ടി നമുക്ക് ഒരുക്കുവാൻ കഴിയുന്ന ഫലങ്ങൾ നമ്മുടെ വിശിഷ്ട സ്വഭാവവും സമസൃഷ്ടങ്ങളോടുള്ള കരുതലും ആണ്. സർവ്വ ലോകവും പ്രപഞ്ചവും സ്വന്തമായ ദൈവത്തിന് നമ്മുടെ പൊന്നും പണവും ആവശ്യമില്ല.
ഹൃദയത്തിലെ സ്തോത്രഫലങ്ങളോടെ മണവാളൻ ക്രിസ്തുവിനെ നമ്മൾ എതിരേൽക്കേണ്ടതാണ്. ക്രിസ്തു ബന്ധത്തിലൂടെ നമ്മിൽ വിരിയുന്ന ആത്മാവിന്റെ ഫലങ്ങൾ നമ്മളുമായി സമ്പർക്കം പുലർത്തുന്നവർക്ക് ഊഷ്മള അനുഭവവും അനുഗ്രഹവും ആയിത്തീരുന്നു.
നമ്മൾ ക്രിസ്തുവിൽ വസിക്കുമ്പോൾ ആത്മാവിന്റെ ഫലങ്ങൾ നമ്മിൽ സമൃദ്ധമായി വിരിയും.
'ഞാന് മുന്തിരിച്ചെടിയും നിങ്ങള് ശാഖകളുമാണ്. ആര് 'എന്നിലും ഞാന് അവനിലും വസിക്കുന്നുവോ അവന് ഏറെ ഫലം പുറപ്പെടുവിക്കുന്നു.
യോഹന്നാന് 15 : 5
3: പുതിയതും പഴയതുമായ എല്ലാ അനുഭവങ്ങളും പ്രിയന് മണവാട്ടി സമർപ്പിക്കുകയാണ്.
'ദുദായിപ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതില്ക്കല് എല്ലാ വിശിഷ്ടഫലങ്ങളുമുണ്ട്. പ്രിയനേ, പഴുത്തതും ഉണങ്ങിയതുമെല്ലാം നിനക്കായി ഒരുക്കിയിരിക്കുന്നു.'
ഉത്തമഗീതം 7 : 13
എന്താണ് ഈ പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങൾ?
മണവാട്ടി തന്റെ മുൻകാല നേട്ടങ്ങളും ഇപ്പോഴത്തെ അനുഗ്രഹങ്ങളും, പഴയ അനുഭവങ്ങളും, പുതിയ വിജയങ്ങളും തന്റെ പ്രിയപ്പെട്ടവന് സമർപ്പിക്കുകയാണ്. ഒന്നും മറച്ചുവെക്കുന്നില്ല. അതുപോലെ, നമ്മുടെ സമയം, കഴിവുകൾ, ഭൗതിക നേട്ടങ്ങൾ , നല്ലതും വേദന നിറഞ്ഞതുമായ കഴിഞ്ഞകാല അനുഭവങ്ങളും ഓർമ്മകളും ക്രിസ്തുവിന്റെ മുമ്പാകെ സ്തോത്രത്തോടെ സമർപ്പിക്കണം. പ്രിയന്റെ മുൻപിൽ ഉള്ളവും ഉള്ളതും സമർപ്പിക്കുന്നത് ആത്മബന്ധത്തിന്റെയും വിശ്വസ്ഥതയുടെയും ലക്ഷണമാണ്.
റോമർ 12:1 - “നിങ്ങളുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി സമർപ്പിക്കുവിൻ...”
ഒരു കുട്ടി താൻ വരച്ച ചിത്രം മാതാപിതാക്കൾക്ക് സ്നേഹപൂർവ്വം കൊടുക്കുമ്പോൾ എത്ര താല്പര്യത്തോടെയാണ് അവർ അത് സ്വീകരിക്കുന്നത്. ചിത്രത്തിന്റെ ആവിഷ്ക്കാര ഭംഗി കൊണ്ടല്ല, പ്രിയ കുഞ്ഞിന്റെ സ്നേഹത്തിനാണ് മാതാപിതാക്കൾ വിലകൊടുക്കുന്നത്. നമ്മുടെ കൊച്ചുകൊച്ച് സമർപ്പണങ്ങൾ ക്രിസ്തു സന്തോഷത്തോടെ, സ്നേഹത്തോടെ സ്വീകരിക്കുന്നു.
പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവ് നമുക്ക് നൽകിയ നിത്യ രക്ഷ, നിത്യജീവൻ, ഭൗതിക സൗകര്യങ്ങൾ, നിത്യതയിൽ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങൾ... എന്നിവയൊക്കെ ഒക്കെ എത്ര വിലപ്പെട്ട അനുഗ്രഹങ്ങളാണ്!
പകരം നമുക്ക് എന്താണ് നൽകുവാൻ കഴിയുക?
നമ്മുടെ ആത്മശരീരമനസ്സുകളും ജീവിതവും വിശുദ്ധിയോടെ ഒരുക്കി കർത്താവിനെ സമർപ്പിക്കുന്നതാണ് ദൈവം ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ വഴിപാട്.
അതിന് നമ്മുടെ സ്വഭാവം ആത്മാവിന്റെ ഫലങ്ങളാൽ സമ്പന്നമാകട്ടെ!
നമ്മുക്ക് ദൈവം നൽകിയ പുതിയതും പഴയതുമായ അനുഗ്രഹഫലങ്ങളും നമ്മെ തന്നെയും കർത്താവിന്റെ പാദത്തിൽ നമുക്ക് സമർപ്പിക്കാം.
🙏
കൃപാ നിധിയായ കർത്താവേ,
നിത്യ ജീവൻ, രക്ഷ, പാപമോചനം, നിത്യതയുടെ പ്രത്യാശ എന്നിവയെല്ലാം ഞങ്ങൾക്ക് ദാനമായി നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങൾക്കുള്ളതെല്ലാം ഞങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു.
ഞങ്ങളുടെ ജീവിതം അങ്ങയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായിത്തീരേണമേ. ആത്മാവിന്റെ ഫലം ഞങ്ങളിൽ വിരിയുവാൻ ദൈവകൃപ അനുദിനം വ്യാപരിക്കേണമേ. അവിടുന്ന് ഞങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളും ജീവിതാനുഭവങ്ങൾ നൽകിയ ഹൃദയ മുറിവുകളും സ്തോത്രത്തോടെ വിനയപൂർവ്വം അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു.